വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ നടക്കുന്ന ദൃശ്യങ്ങള്‍ മാത്രം വിറ്റ് ജീവിക്കുന്ന ചാനലുകളുണ്ട് കേരളത്തില്‍. എന്നാല്‍ പാമ്പ് ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കൊണ്ട് കടിപ്പിച്ച് അതിന്റെ വേദന ആസ്വദിക്കുന്ന ധൈര്യശാലികളായ ശാസ്ത്രജ്ഞരുടെ ദൃശ്യങ്ങള്‍ ഏത് പ്രേക്ഷകനും ഞെട്ടും. ഇതാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള അവതാരകന് ആഡം തോണിന്റെ സവിശേഷത.

ആറടി നീളമുള്ള പെരുംപാമ്പിനെയാണ് ആഡം കൈത്തണ്ടയില്‍ കടിപ്പിച്ചത്. പാമ്പ് ആഞ്ഞ് കടിക്കുമ്പോള്‍ വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സഹ അവതാരകന് റോബ് അല്ലേവ പാമ്പിന്റെ കടിയില്‍ നിന്നും ആഡമിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതും ഹിസ്റ്ററി ചാനലിന്റെ ‘കിംഗ്സ് ഓഫ് പെയിന്‍’ എന്ന സ്ക്രിപ്റ്റ് ഇല്ലാത്ത പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തു.
ആഴത്തിലുള്ള മുറിവായതിനാല്‍ ആഡമിന് സ്റ്റിച്ചുകള്‍ ആവശ്യമായി വന്നു. ആഡമും, റോബും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അപകടകാരികളായ മൃഗങ്ങളുടെയും, പ്രാണികളുടെയും കടി ഏറ്റുവാങ്ങുന്നതാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. വേദനയുടെ ആഴം, സമയം, പ്രശ്നങ്ങള്‍ എന്നിവ കണക്കാക്കി ഏതെല്ലാം മൃഗങ്ങളെ ഒഴിവാക്കണമെന്നാണ് ഇവര്‍ പ്രേക്ഷകരോട് പറയുക.