അന്ന് കാര്‍ഗില്‍ യുദ്ധവീരന്‍; ഇന്ന് പഞ്ചാബ് തെരുവില്‍ ട്രാഫിക് പോലീസ്

  0
  344
  Satpal Singh in traffic

  പഞ്ചാബില്‍ സാങ്ക്രൂര്‍ ജില്ലയിലെ ചെറുപട്ടണമായ ഭവാനിഗാര്‍ഹില്‍ റോഡിലെ തിരക്ക് നിയന്ത്രിക്കുന്ന ഒരു സാധാരണ പോലീസുകാരന്‍. പഞ്ചാബ് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സത്പാല്‍ സിംഗ് അന്നാട്ടില്‍ നല്ലൊരു ശതമാനം പേര്‍ക്കും ഇത് മാത്രമാകും. പക്ഷെ കാര്‍ഗില്‍ യുദ്ധവിജയം ആഘോഷിക്കുന്ന ഈ ദിവസം ഈ കോണ്‍സ്റ്റബിളിന്റെ കഥ രാജ്യം ആഘോഷിക്കുകയാണ്.

  കാര്‍ഗിലിലെ ടൈഗര്‍ കുന്നില്‍ അസാമാന്യ ധൈര്യം പ്രകടിപ്പിച്ചതിന് വിശിഷ്ടമായ വീര്‍ ചക്ര നേടിയ വ്യക്തിയാണ് സത്പാല്‍ സിംഗ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൈഗര്‍ ഹില്ലില്‍ പാക് സൈന്യത്തിനെതിരെ പോരാടുകയായിരുന്നു അദ്ദേഹം. പാക് സൈന്യത്തിന്റെ ക്യാപ്റ്റന്‍ കര്‍ണാല്‍ ഷേര്‍ ഖാനെയും, മൂന്ന് പേരെയും വധിച്ചത് സത്പാലായിരുന്നു. പാകിസ്ഥാന്റെ പരമോന്നത സൈനിക ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ ഷേര്‍ ഖാന് അവര്‍ സമ്മാനിച്ചിരുന്നു.

  ‘1999 ജൂലൈ 5ന് ഞങ്ങള്‍ പൊസിഷനുകളിലെത്തി. കടുത്ത തണുപ്പായിട്ടും അണിഞ്ഞിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നും കൈയിലുണ്ടായില്ല. ഒന്നുകില്‍ കമ്പിളി ചുമക്കാം, അല്ലെങ്കില്‍ ആയുധങ്ങള്‍ കൂടുതല്‍ എടുക്കാം. തെരഞ്ഞെടുക്കാന്‍ ഈ ഓപ്ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ’, സത്പാല്‍ സിംഗ് ഓര്‍മ്മിക്കുന്നു.

  ഒന്നിന് പിറകെ ഒന്നായി അക്രമങ്ങള്‍ എത്തി. പാക് സൈന്യത്തെ നല്ല ഓഫീസറാണ് നയിച്ചത്. കൂടെയുള്ളവര്‍ ഒന്നൊന്നായി വെടിയേറ്റ് വീഴുമ്പോള്‍ ഉയരം കൂടിയ എതിരാളിയെ വീഴ്ത്തി വധിക്കാന്‍ സത്പാലിന് സാധിച്ചു. ഇദ്ദേഹത്തിന്റെ മുന്‍ ബ്രിഗേഡിയറാണ് വീര്‍ ചക്രയ്ക്കായി പേര് നാമനിര്‍ദ്ദേശം ചെയ്തത്. 2009-ല്‍ അദ്ദേഹം സൈനിക സേവനം പൂര്‍ത്തിയാക്കി പഞ്ചാബ് പോലീസില്‍ ചേര്‍ന്നു.

  ചെറുപട്ടണത്തില്‍ ട്രാഫിക് നിയന്ത്രിക്കുമ്പോഴും ചുറ്റും കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് സത്പാല്‍ വെറും പോലീസ് കോണ്‍സ്റ്റബിള്‍ മാത്രം. പക്ഷെ ഹൃദയത്തില്‍ ധൈര്യത്തിന്റെ ചെമ്പട കൊട്ടി രാജ്യത്തെ സഹായിച്ച വ്യക്തിയാണെന്ന് ഇനിയെങ്കിലും അവര്‍ തിരിച്ചറിഞ്ഞേക്കും!