ഇന്ത്യയുടെ ഉരുക്ക് മനുഷ്യനാണ് സര്‍ദാര്‍ പട്ടേല്‍. ആ ഉരുക്ക് ചിന്തകളിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് അനുഭവങ്ങള്‍ തന്നെയാകും. 1875 ഒക്ടോബര്‍ 31നാണ് സര്‍ദാര്‍ പട്ടേല്‍ ജനിക്കുന്നത്. പാവപ്പെട്ട കുടുംബത്തിലെ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.
ആറ് മക്കള്‍ക്കും വിദ്യാഭ്യാസം നല്കാന് രക്ഷിതാക്കള്‍ പാടുപെട്ടപ്പോള്‍ കടംവാങ്ങിയ പുസ്തകങ്ങളാണ് പട്ടേല്‍ പഠിക്കാന്‍ ഉപയോഗിച്ചത്. അങ്ങനെ കടംവാങ്ങിയ പുസ്തകങ്ങള്‍ കൊണ്ട് മെട്രിക്കുലേഷന്‍ പാസാകുമ്പോഴേക്കും പ്രായം 22 ആയി.
കടംവാങ്ങിയ പുസ്തകങ്ങള്‍ പഠിച്ച് രണ്ട് വര്‍ഷം കൊണ്ട് ജില്ലാ പ്ലീഡര്‍ പരീക്ഷ പാസായിക്കൊണ്ട് ആ കുറവ് അദ്ദേഹം തീര്‍ത്തു. കോടതികളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി കിട്ടിയതിന് പിന്നാലെ പ്രദേശത്തെ മികച്ച അഭിഭാഷകനായി പട്ടേല്‍ പേരെടുത്തു.
36-ാം വയസ്സില്‍ ഇംഗ്ലണ്ടില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടാനായി പോയ പട്ടേല്‍ 36 മാസത്തെ കോഴ്സ് 30 മാസം കൊണ്ട് പൂര്‍ത്തിയാക്കി ബാരിസ്റ്ററായി തിരിച്ചെത്തി. അതിശക്തമായ തീരുമാനങ്ങള്‍ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ കൈക്കൊള്ളാനുള്ള ശേഷിയാണ് സര്‍ദാര്‍ പട്ടേലിനെ ഉരുക്കുമനുഷ്യനായി രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍ പോലും ഇതിനുള്ള തെളിവുകള്‍ ധാരാളം. 1909-ല്‍ ബോംബെ ഹോസ്പിറ്റലില്‍ പട്ടേലിന്റെ ഭാര്യ ജാവേര്ഭാ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടു. ഈ സമയത്ത് കോടതിയില്‍ വാദത്തിലായിരുന്ന അദ്ദേഹത്തിന് ഒരു കുറിപ്പ് എഴുതി ഒരാള്‍ വിവരം അറിയിച്ചു.
കുറിപ്പ് വായിച്ച് പോക്കറ്റിലിട്ട സര്‍ദാര്‍ കേസ് വിജയിച്ച് കോടതി നടപടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഭാര്യ മരണപ്പെട്ട വിവരം മറ്റുള്ളവരോട് പോലും പറഞ്ഞത്. പണംവാരുന്ന ക്രിമിനല്‍ ബാരിസ്റ്ററില്‍ നിന്ന് സ്വാതന്ത്ര്യം മോഹിക്കുന്ന വ്യക്തിയിലേക്ക് സര്‍ദാറിനെ വളര്‍ത്തിയത് 1917-ല്‍ മഹാത്മാ ഗാന്ധിയുടെ പൊതുപരിപാടി കേള്‍ക്കാന്‍ ഇടയായതാണ്.
ഇന്ത്യക്കാരെ അടിമകളാക്കുന്ന ബ്രിട്ടീഷുകാരെ കുറിച്ച് കേട്ട് ബോധം ഉണര്‍ന്ന സര്‍ദാര്‍ പട്ടേല്‍ ഉടനടി തന്റെ ഇംഗ്ലീഷ് സ്റ്റൈല്‍ വഴിയിലെറിഞ്ഞു. ഇന്ന് കേവദിയയില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി ഉയര്ന്നുനില്ക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ രൂപം അങ്ങിനെ വന്നുഭവിച്ച തീരുമാനമാണ്.