അടിയില്ല, വെടി മാത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരലിന്റെ ടാഗ്ലൈനായിരുന്നു അത്. ബോളിവുഡിന്റെ ‘ഭായ്’ സല്മാന് ഖാനും, താരത്തിന്റെ സിനിമാ കുടുംബത്തിനും ഇപ്പോള്‍ നേരിടുന്ന അവസ്ഥ ഇതുതന്നെ. സുശാന്ത് സിംഗ് രാജ്പുതിനെ ഒതുക്കാനും, താരപുത്രന്മാരെ സംരക്ഷിക്കാനും സല്മാന് ഒത്താശ ചെയ്തെന്ന ആരോപണങ്ങളാണ് താരത്തിന് വിനയായത്. സുശാന്തിന്റെ ആരാധകരും, വിമര്‍ശകരും സല്ലുവിന് കണക്കിന് കൊടുക്കുന്നതിന് ഇടയിലാണ് രക്ഷപ്പെടാന്‍ ‘ബീയിംഗ് ഹ്യൂമന്‍’ നേതാവ് രംഗത്ത് വന്നത്.
‘ജാങ്കോ ഞാന്‍ പെട്ടു’: സല്ലുവിന്റെ നയതന്ത്രം
‘സുശാന്ത് ആരാധകര്‍ക്കൊപ്പം നില്‍ക്കാനാണ് എന്റെ എല്ലാ ആരാധകരോടുമുള്ള അപേക്ഷ. അവര്‍ ഉപയോഗിക്കുന്ന ഭാഷയും, ശാപവാക്കുകളുടെയും പിന്നാലെ പോകരുത്, അവരുടെ വികാരം പരിഗണിക്കണം. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം വളരെ വേദനിപ്പിക്കുന്നതാണ്. അതുകൊണ്ട് ആ കുടുംബത്തിനും, ആരാധകര്‍ക്കും ഒപ്പം നില്‍ക്കണം’, സല്മാന് ട്വിറ്ററില്‍ കുറിച്ചു.
തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ആരാധകര്‍ ഇടപെട്ട് തമ്മിലടിയായി മാറിയപ്പോഴാണ് സല്ലു നയതന്ത്രം സ്വീകരിച്ചിരിക്കുന്നത്. തമ്മിലടി കൈവിട്ടാല്‍ തനിക്ക് തന്നെ പൊല്ലാപ്പാകുമെന്ന് താരത്തിന് വ്യക്തമായറിയാം. കുറച്ച് ദിവസം സമാധാനമായി ഇരുന്നാല്‍ കോലാഹലം താനെ കെട്ടടങ്ങും. പിന്നെ തന്റെ പിആര്‍ ടീമിനെയും, സില്ബന്ദികളെയും നിരത്തി കാര്യങ്ങള്‍ തിരിച്ചുപിടിക്കാമെന്നാകും സല്‍മാന്റെ കണക്കുകൂട്ടല്‍.
സല്ലുവിന്റെ മഹാമനസ്കതയ്ക്കും തിരിച്ചടി
ഗായിക സോനാ മൊഹപത്രയാണ് സല്ലുവിന്റെ ‘അഹിംസാ’ നയതന്ത്രം കൈയോടെ പൊളിച്ചടുക്കിയത്. ‘വിശാല ഹൃദയമുള്ള പിആര്‍ പരിപാടി, അതും അപകടകാരിയായ പുരുഷത്വത്വ പ്രതീകത്തില്‍ നിന്ന്. താന്‍ കാശ് കൊടുത്ത് വളര്‍ത്തിയ ഡിജിറ്റല്‍ സൈന്യം നടത്തുന്ന ഭീഷണികള്‍ക്ക് ട്വീറ്റ് ചെയ്യുകയും, മാപ്പ് പറയുകയും വേണമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. എല്ലാ തവണയും പണികിട്ടുമ്പോള്‍ പിതാവിനെ കൊണ്ട് സംസാരിപ്പിക്കുന്ന ആളാണ്’, സോന ട്വിറ്ററില്‍ കുറിച്ചു.
സുശാന്തിന്റെ മരണം സല്ലുവിന് നേരെ വിരല്‍ചൂണ്ടുമ്പോള്‍
ബോളിവുഡില്‍ ഒറ്റപ്പെടുത്തലും, കുത്തിത്തിരിപ്പും, അവഗണനയും അനുഭവിച്ചാണ് സുശാന്ത് സിംഗ് രാജ്പുത് എന്ന ചെറുപ്പക്കാരന് സ്വന്തം ജീവിതം അവസാനിപ്പിച്ചത്. താര, സിനിമാ കുടുംബങ്ങളില്‍ നിന്ന് വന്ന വ്യക്തിയല്ലാത്തതിനാല്‍ സല്മാന് ഖാന്, കരണ്‍ ജോഹര്‍, ഷാറൂഖ്, യഷ് രാജ് ഫിലിംസ് തുടങ്ങിയ ബോളിവുഡിലെ ‘ദാദ’ ടീമുകളില്‍ നിന്നും പണികള്‍ ഏറ്റുവാങ്ങിയാണ് സുശാന്തിന്റെ വിടവാങ്ങല്‍.
താരകുടുംബങ്ങളില്‍ നിന്നുള്ള താരപുത്രന്മാരെയും, തന്റെ അടുപ്പക്കാരെയും സംരക്ഷിച്ച് പോന്ന സല്മാന് ഖാന് ഹിറ്റുകള്‍ സമ്മാനിച്ച സുശാന്തിനെ ഒതുക്കാന്‍ മുന്നിലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ മരണത്തോടെ താരത്തിന് നേര്‍ക്ക് കടുത്ത രോഷം അണപൊട്ടിയിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് സുശാന്ത് ആരാധകര്ക്കൊപ്പമെന്ന നിലപാട് സല്ലു സ്വീകരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.