‘വൃദ്ധന്മാരെ സൂക്ഷിക്കുക’ എന്നൊരു ബോര്‍ഡ് എഴുതിവെച്ചാല്‍ അത് ഏറ്റവും ചേരുന്നത് ഇന്ത്യയിലെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാകും. അധികാരം പിടിക്കാനും, സ്വന്തക്കാര്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും പങ്കുവെയ്ക്കാനും ഏതൊരുത്തന്റെയും കുതികാല് വെട്ടുന്ന രീതി പുതിയതല്ല. പക്ഷെ മാറുന്ന കാലത്ത് വോട്ടര്‍മാരെ പിടിച്ചടുപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ട നേതാക്കള്‍ തോല്‍ക്കുന്നിടത്ത് കഠിനാധ്വാനം കൊണ്ട് പാര്‍ട്ടിയുടെ നങ്കൂരം സ്ഥാപിച്ച് പിടിച്ചുനിര്‍ത്തുന്ന യുവനേതാക്കളുടെ പരാതികളും പരിഭവങ്ങളും കേട്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോയാല്‍ സ്വന്തം ചരമക്കുറിപ്പാണ് എഴുതുന്നതെന്ന കാര്യമാണ് ഡല്‍ഹിയിലെ ഹൈക്കമാന്‍ഡ് മറക്കുന്നത്.
ശര്‍മ്മ, സിന്ധ്യ, സച്ചിന്, അടുത്തത് ആര്?
2015-ല്‍ ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. അധികാരം ലക്ഷ്യമിടുന്ന നേതാക്കള്‍ നടത്തുന്ന ചാട്ടം മാത്രമായി കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെ തള്ളിയൊതുക്കി. ഈ വര്‍ഷം മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ഉപേക്ഷിച്ചു. സിന്ധ്യയും ബിജെപിയുടെ ഭാഗമായി.
ഇപ്പോഴിതാ സച്ചിന് പൈലറ്റ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അധികാരം നേടിയെടുക്കാന്‍ യത്നിച്ച നേതാവ് പടിക്ക് പുറത്ത് നില്ക്കുന്നു. താന്‍ ബിജെപിയില്‍ ചേരുന്നില്ലെന്ന് സച്ചിന് പറയുമ്പോഴും നേതാവിനെ സര്‍ക്കാരില്‍ നിന്ന് പുറംതള്ളാനും, പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയും പ്രതികരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രേരിപ്പിച്ച ഘടകം എന്താണ്?

ആ ചോദ്യം എത്തിച്ചേരുന്നത് കോണ്‍ഗ്രസിന്റെ വയസ്സന് പടയിലേക്കാണ്. മധ്യപ്രദേശില്‍ 13 വര്‍ഷം ബിജെപി സര്‍ക്കാരിനെ നയിച്ച ശിവരാജ് സിംഗ് ചൗഹാനെ മുട്ടുകുത്തിച്ചത് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ്. ദേശീയ പാര്‍ട്ടിക്ക് ഒരിക്കലും സാധിക്കില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും കരുതുന്നിടത്താണ് സിന്ധ്യയുടെ അളന്നുകുറിച്ചുള്ള നീക്കങ്ങളും, അടിസ്ഥാന തലത്തിലെ പ്രവര്‍ത്തനങ്ങളും ചൗഹാനെ അട്ടിമറിക്കാന്‍ സഹായിച്ചത്. പക്ഷെ വിജയം രുചിച്ചതിന്റെ സന്തോഷം വിട്ടുമാറും മുന്‍പ് സിന്ധ്യയെ വെട്ടി പഴയ തലമുറയില്‍ നിന്നും കമല്‍നാഥിനെ മുഖ്യമന്ത്രി പദത്തില്‍ വാഴിച്ചു.
സമാനമായ അവസ്ഥയാണ് രാജസ്ഥാനിലും കണ്ടത്. ദേശീയ തലത്തില്‍ നേതാവ് പോലുമില്ലാതെ കുത്തഴിഞ്ഞ്, പ്രതീക്ഷയറ്റ് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ശ്വാസം നിലച്ച് മരണം കാത്തുകിടക്കുമ്പോള്‍ ലഭിച്ച ആശ്വാസമായിരുന്നു രാജസ്ഥാന്. അതിന് പിന്നില്‍ പണിയെടുത്തത് തലമുതിര്‍ന്ന, നരപിടിച്ച നേതാക്കളല്ല, മറിച്ച് സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലുള്ള നേതാക്കളായിരുന്നു. ഇവിടെയും അടിസ്ഥാന തലത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിനാണ് പൈലറ്റ് ചുക്കാന്‍ പിടിച്ചത്.
ഫലം കോണ്‍ഗ്രസിന് അനുകൂലമായപ്പോള്‍ വയസ്സന് ടീമില്‍ നിന്നുള്ള അശോക് ഘെലോട്ട് സമ്മാനം അടിച്ചുകൊണ്ട് പോകുന്ന കാഴ്ചയും കാണേണ്ടിവന്നു. ഉപമുഖ്യനായും, സംസ്ഥാന അധ്യക്ഷനാക്കിയും സച്ചിന് പൈലറ്റിനെ ഒതുക്കി. പക്ഷെ ഘെലോട്ടിന്റെ കണ്ണ് അതിന് അപ്പുറത്തേക്കും നീണ്ടു. അടുത്തൊരു തവണ മുഖ്യമന്ത്രി കസേരയിലേക്ക് കണ്ണെറിയാന്‍ പോലും സച്ചിന് ധൈര്യപ്പെടരുതെന്ന നിലപാടില്‍ ഉറച്ചാണ് ഘെലോട്ട് പക്ഷം നീങ്ങിയത്.
ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയില്ലെങ്കില്‍ പോലും അത് ഉള്ളതായി പറഞ്ഞുപരത്തി ഘെലോട്ട് പക്ഷം വലവീശി. ഇരയെറിഞ്ഞതില് അവസാനത്തേതായിരുന്നു രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായുള്ള ആരോപണത്തില്‍ മുഖ്യമന്ത്രിയ്ക്കും, ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനും പോലീസ് നല്കിയ നോട്ടീസ്. ആഭ്യന്തരം കൈയാളുന്ന മുഖ്യന് അറിയാതെ ഇത്തരമൊരു നോട്ടീസ് അയയ്ക്കാന്‍ പോലീസ് മുതിരില്ലെന്ന് പകല്‍പോലെ വ്യക്തം.

നാഥനില്ലാത്ത കളരിയില്‍ യുവനേതാക്കളുടെ ഗതിയെന്ത്?
രാഹുല്‍ ഗാന്ധി ടീമിലെ ശക്തരാണ് കോണ്‍ഗ്രസിലെ വയസ്സന് പടയുടെ പകപോക്കലിനും, ഒതുക്കലിനും വിധേയരായി പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നത്. സച്ചിന് പൈലറ്റ് കോണ്‍ഗ്രസിന് അത്രയേറെ ആവശ്യമുള്ള വ്യക്തിയായിട്ട് കൂടിയും അദ്ദേഹം ഉന്നയിച്ച പരാതികളില്‍ ഒരക്ഷരം പ്രതികരിക്കാനോ, അശോക് ഘെലോട്ടിന്റെ കളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനോ പോലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സാധിച്ചില്ല.
താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ സച്ചിന് പൈലറ്റ് ശ്രമിച്ചിരുന്നു. ഒരു സ്ഥിരം പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ രാജിവെച്ച് ഒഴിഞ്ഞ പദവിയില്‍ വിരമിക്കല്‍ കാത്തിരിക്കുന്ന സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി ഇരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം അവര്‍ സജീവവുമല്ല. പ്രധാന ഉപദേശകരില്‍ ഒരാളായ കെ.സി. വേണുഗോപാല്‍ അടുത്തിടെ രാജസ്ഥാനില്‍ നിന്നാണ് രാജ്യസഭയിലേക്ക് കസേര ഒപ്പിച്ചത്.

അശോക് ഘെലോട്ടിന് കെ.സിയെ എത്രത്തോളം സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. അതിനര്‍ത്ഥം ഹൈക്കമാന്‍ഡിന്റെ ചെവിയില്‍ എത്തുന്നത് ഘെലോട്ടിന് അനുകൂലമായ കാര്യങ്ങള്‍ മാത്രമെന്ന് തന്നെ. അങ്ങിനെയുള്ളപ്പോള്‍ സച്ചിന് പൈലറ്റ് എത്ര കരഞ്ഞാലും പ്രത്യേകിച്ച് ഗുണമുണ്ടാകില്ലെന്ന് ഇപ്പോള്‍ പുറത്തുവരുന്ന തിരിച്ചടികള്‍ ഉറപ്പിക്കുന്നു.
അധോഗതി മുന്നില്‍ കണ്ട് നേതാക്കള്‍, കരുത്തില്ലാതെ ഹൈക്കമാന്‍ഡ്
ജ്യോതിരാദിത്യ സിന്ധ്യക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പിന്തുണയാണ് പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും സച്ചിന് പൈലറ്റിന്റെ ദുരവസ്ഥയില്‍ പങ്കുവെയ്ക്കുന്നത്. ‘നമ്മുടെ പാര്‍ട്ടിയെക്കുറിച്ച് ആശങ്കയുണ്ട്. ലായങ്ങളില്‍ നിന്ന് കുതിരകളെ അഴിച്ചുവിട്ട ശേഷം മാത്രമെ നമ്മള് ഉറക്കം വിട്ടുണരൂ’, മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആശങ്ക മറയില്ലാതെ പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു.
മിതവാദികളായ പ്രൊഫഷണലുകള്‍ നയിക്കുന്ന യഥാര്‍ത്ഥ പുരോഗമന പാര്‍ട്ടി രാജ്യത്തിന് ആവശ്യമാണെന്ന് ശശി തരൂര്‍ എംപി ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിലെ മിതവാദി പ്രൊഫഷണല്‍ വിഭാഗമായി കണക്കാക്കപ്പെട്ട നേതാവാണ് സച്ചിന് പൈലറ്റ്. കാര്‍ത്തി ചിദംബരം പാഠം പഠിക്കാന്‍ ആവശ്യപ്പെട്ടാണ് രംഗത്ത് വന്നത്. ‘ഗൂഗിള്‍ എന്ത് കൊണ്ടാണ് ഇത്രയും വിജയിച്ച കമ്പനിയായത്? കാരണം അവര്‍ കഴിവുള്ളവരെ സ്ഥാപനത്തിന് അകത്ത് മികച്ച സംരംഭകരാകാന്‍ അനുവദിക്കും. ഈ പാഠങ്ങള്‍ ഇവിടെയും പഠിക്കണം’, കാര്‍ത്തി വ്യക്തമാക്കി.

കോണ്‍ഗ്രസിന് അകത്ത് തന്നെ രോഷം പുകയുമ്പോഴും സച്ചിന് പൈലറ്റിനെ പോലെ കഴിവ് തെളിയിച്ച നേതാക്കളെ പുകഞ്ഞ കൊള്ളിയായി പുറംതള്ളാന്‍ യത്നിക്കുന്നത് എന്ത് കൊണ്ടാണെന്ന് കണ്ടുപിടിക്കാന്‍ ഒരുപാട് തല പുകയേണ്ട. വയസ്സന് പടയെ പൂര്‍ണ്ണമായി കൈവിടാന്‍ കോണ്‍ഗ്രസിന് ഇപ്പോഴും പൂര്‍ണ്ണമായും സാധിച്ചില്ലെന്ന വസ്തുതയില്‍ അത് ഒളിഞ്ഞ് കിടക്കുന്നു. താന്‍ കോണ്‍ഗ്രസ് അധ്യക്ഷയായി ബുദ്ധിമുട്ടിയ ഘട്ടത്തില്‍ ഒപ്പം നിന്ന പഴയ നേതാക്കളെ സോണിയാ ഗാന്ധി അനുകൂലിച്ച് നില്ക്കും. മറിച്ചൊരു നടപടിയെടുക്കാന്‍ രാഹുലിന് സാധിക്കുന്നുമില്ല.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ കണ്ടുപഠിക്കാന്‍ പറഞ്ഞാല്‍ ഒട്ടും അധികമാകില്ല. ബിജെപിക്ക് ഇന്ത്യയില്‍ വേരോട്ടം ഉണ്ടാക്കിയ നേതാക്കളില്‍ ഒരാളായ എല്‍കെ അദ്വാനിയെ ഒരു വശത്ത് ഇരുത്തി നരേന്ദ്ര മോദിയെ ദേശീയ തലത്തിലേക്ക് കൃത്യസമയത്ത് എത്തിച്ചതിന്റെ നേട്ടമാണ് ആ പാര്‍ട്ടി ഇന്ന് ആസ്വദിക്കുന്നത്. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട പല മുന്‍നിര ബിജെപി നേതാക്കളും ഇന്ന് അപ്രസക്തമായി കഴിഞ്ഞു. രണ്ടാം നിരയിലും അതിന് പിന്നിലും പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ കൊയ്തെടുത്തവരെ അവര്‍ക്ക് മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. പിന്നില്‍ നിന്ന് അധ്വാനിക്കുന്നവര്‍ തങ്ങള്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന പ്രചോദനത്തില്‍ അധ്വാനിക്കും. പ്രധാന എതിരാളികളെങ്കിലും ആ പാഠങ്ങള്‍ കോണ്‍ഗ്രസിന് ബിജെപിയില്‍ നിന്ന് കടമെടുക്കാന്‍ സാധിക്കണം. നേതാക്കളുടെ പ്രവര്‍ത്തനവും, പ്രകടനവും വിലയിരുത്തി അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാനും, ഒഴിവാക്കാനും സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വീണുകിടക്കുന്ന കുഴിയില്‍ നിന്ന് കരകയറ്റാന്‍ ഒരാള്‍ക്കും കഴിയാതെ പോകും.