സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം വീണ്ടും ഓപ്പണിംഗിന് ഇറങ്ങാന്‍ സെവാഗ്; റോഡിലെ കളിയ്ക്ക് ഇതിഹാസങ്ങള്‍ കളത്തിലിറങ്ങും

0
364

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിന് ഇറങ്ങിയ ബാറ്റ്‌സ്മാനാണ് വിരേന്ദര്‍ സെവാഗ്. വിരമിച്ച ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഓപ്പണിംഗില്‍ തിരിച്ചെത്തുകയാണ്. റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടി20 ടൂര്‍ണമെന്റിലാണ് ഈ കൂട്ടുകെട്ട് തിരിച്ചുവരവ് നടത്തുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന റോഡ് സേഫ്റ്റ് ലോക സീരീസില്‍ സച്ചിനും, സെവാഗും ഉള്‍പ്പെടെ 110 വിരമിച്ച ക്രിക്കറ്റ് താരങ്ങളാണ് പങ്കെടുക്കുക. ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഓപ്പണിംഗില്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സെവാഗ്.

ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീയെ നേരിടാന്‍ കഴിയുമെന്നതും വെടിക്കെട്ട് താരത്തിന് ആവേശമേകുന്നു. നല്ല രീതിയില്‍ ലീയെ പെരുമാറാന്‍ സാധിച്ചിട്ടില്ല. ഇത് ഒരു അവസരമാണ്, സെവാഗ് തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിലെ വമ്പന്‍ പേരുകാരായ ബ്രയന്‍ ലാറ, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, സഹീര്‍ ഖാന്‍, തിലകരത്‌നെ ദില്‍ഷന്‍ തുടങ്ങിയ താരങ്ങളും കളിക്കാനിറങ്ങും. ഇന്ത്യ ലെജന്‍ഡ്‌സ്, ഓസ്‌ട്രേലിയ ലെജന്‍സ്, സൗത്ത് ആഫ്രിക്ക ലെജന്‍ഡ്‌സ്, ശ്രീലങ്ക ലെജന്‍ഡ്‌സ്, വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സ് എന്നീ ടീമുകളാണ് പങ്കെടുക്കുക. സച്ചിനാണ് ഇന്ത്യ ലെജന്‍ഡ്‌സിനെ നയിക്കുന്നത്.