ജമ്മു കശ്മീരും, ലഡാക്കുമായി ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയ ശേഷം നാഷണല്‍ കോണ്‍ഫറന്‍സും, പിഡിപിയും കൈകോര്‍ത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമരമുഖത്തുണ്ട്. ഇതിന് പല വ്യക്തിപരമായ കാരണങ്ങളും പറയുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനം ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് നടത്തിയ കൈയ്യേറ്റം തന്നെയാണ്.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഫാറൂഖ് അബ്ദുള്ളയുടേത് ഉള്‍പ്പെടെയുള്ള കൈയ്യേറ്റക്കാരുടെ ആദ്യ പട്ടിക കേന്ദ്ര ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. 1950ല്‍ ഇന്ത്യയില്‍ ആദ്യമായി ഭൂപരിഷ്കരണം നടപ്പാക്കിയ നാട്ടിലാണ് സര്‍ക്കാരുകള്‍ ഈ കൈയ്യേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.
2001-ലാണ് ഫാറൂഖ് അബ്ദുള്ള സര്‍ക്കാര്‍ ഇതിനുള്ള നിയമം നടപ്പാക്കിയത്. പല ദശകങ്ങളായി ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കിയതെല്ലാം നിയമപരമാക്കി മാറ്റാനായിരുന്നു അബ്ദുള്ളയുടെ നിയമം. ഇതിനൊരു ന്യായവും സര്‍ക്കാര്‍ മുന്നോട്ട് വെച്ചു. അനധികൃത ഭൂമി കൈയ്യേറ്റം നിയമവിധേയമാക്കി മാറ്റാന്‍ ഒരു ഫീസ് കെട്ടിവെയ്ക്കണം. ഈ ഫീസ് ഉപയോഗിച്ച് ജമ്മു കശ്മീരിലെ വൈദ്യുതി ഉത്പാദനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ തുടങ്ങും. ഇതോടെ റോഷ്നി സ്കീം എന്നുപേരുകേട്ട ആ നിയമത്തിന് പിന്നില്‍ അരങ്ങേറിയത് നിയമവിരുദ്ധമായ ഭൂമി പിടിച്ചെടുക്കലാണ്. ഇതാണ് റോഷ്നി സ്കീമിനെ ഇപ്പോള്‍ റോഷ്നി അഴിമതിയാക്കി മാറ്റിയത്.
എന്നാല്‍ കൈയ്യേറ്റം നിയമപരമാക്കാനുള്ള നിയമം വന്നതോടെ അതുവരെ ഭൂമി കൈയ്യേറാതിരുന്നവര് പോലും പാവപ്പെട്ടവര്‍ താമസിച്ച ഭൂമികള്‍ ചെറിയ തുകയ്ക്ക് വാങ്ങിക്കൂട്ടി പുതിയ അവകാശികളായി. 1990 വരെ ഭൂമി കൈയേറിയവരെ മാന്യന്മാരാക്കിയ നിയമത്തിന്റെ പരിധി പിന്നീട് മെഹ്മൂബ മുഫ്തി 2004 വരെയും, കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗുലാം നബി ആസാദ് 2007 വരെയും ഈ കൈയ്യേറ്റക്കാരെ സംരക്ഷിക്കാനായി തീയതി നീട്ടിക്കൊടുത്തു.
2014ല്‍ സിഎജി ഈ തട്ടിപ്പിന് ചുവപ്പുകൊടി കാണിച്ചു. എന്നിട്ടും റോഷ്നി അഴിമതി നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പിഡിപി-ബിജെപി സര്‍ക്കാര്‍ തകര്‍ന്നതിന് ശേഷമാണ് അഴിമതി പൊളിയുന്നത്. ഭരണം ഏറ്റെടുത്ത ഗവര്‍ണര്‍ സത്യപാല്‍ മാലിക് റോഷ്നി നിയമം റദ്ദാക്കി, സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബറില്‍ റോഷ്നി ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു.
കൂടാതെ ഭൂമി കൈയ്യേറ്റം നടത്തിയ പ്രമുഖരുടേത് ഉള്‍പ്പെടെ പേരുകള്‍ പരസ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു. ഇതിലെ ആദ്യ പേരുകാരിലാണ് ഫാറൂഖ് അബ്ദുള്ളയും കുടുങ്ങിയത്. റോഷ്നി ആക്ട് പ്രകാരം കൈക്കലാക്കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള വമ്പന്‍ വെല്ലുവിളിയാണ് ഇനി സര്‍ക്കാര്‍ കമ്മറ്റിക്ക് മുന്നിലുള്ളത്.
Home Whats'up World India ഫാറൂഖ് അബ്ദുള്ളയെ തിരിഞ്ഞുകൊത്തുന്ന ‘റോഷ്നി’ അഴിമതി രാജ്യം കണ്ട ഏറ്റവും വലിയ ഭൂമി കൊള്ളയോ?