ശത്രുതയില്‍ നിന്ന് സ്‌നേഹത്തിലേക്ക്; മെസ്സിക്കൊപ്പം ഡിന്നറിന് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് റൊണാള്‍ഡോ; അമ്പരന്ന് തമ്മിലടിച്ച ആരാധകര്‍

0
439

രണ്ട് ലോകോത്തര ഫുട്‌ബോള്‍ താരങ്ങള്‍. ആരാണ് വമ്പന്‍ എന്ന ചോദ്യമാണ് പതിവായി ഉയര്‍ന്ന് കേള്‍ക്കുക. ക്ലബ് മത്സരങ്ങളിലും, രാജ്യത്ത് വേണ്ടി കളിക്കുമ്പോഴും ഓരോ നേട്ടങ്ങള്‍ വീതം കൊയ്ത് അവര്‍ മുന്നേറിക്കൊണ്ടിരുന്നു. ആ രണ്ട് താരങ്ങള്‍ക്ക് ഇരുവശത്തുമായി ലോകത്തിലെ ആരാധകരും അണിനിരന്നു. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ… ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങള്‍, ഫുട്‌ബോള്‍ രംഗത്തെ ശത്രുക്കള്‍, അവര്‍ സ്‌നേഹത്തിന്റെ വഴിയിലേക്ക് മാറുമ്പോള്‍ ആരാധകര്‍ സ്വാഭാവികമായും അമ്പരന്ന് പോകും!

ചിരവൈരിയായ അര്‍ജന്റൈന്‍ താരത്തോടൊപ്പം ഒരു ഡിന്നറിന് പോകണമെന്ന് അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് തന്നെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞതോടെ കേട്ടിരുന്നവര്‍ ആദ്യം മനസ്സിലായില്ലെന്ന മട്ടില്‍ ഇരുന്നു, പിന്നീട് കൈയടിച്ച് സന്തോഷം പ്രകടിപ്പിച്ചു. ഫുട്‌ബോള്‍ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ തങ്ങള്‍ ഇരുവരുമാണ് കഴിഞ്ഞ 15 വര്‍ഷങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയതെന്നും പോര്‍ച്ചുഗീസ് സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു.

Messi and Ronaldo at 2019 UEFA awards. Liverpool’s Virjil van Dijik is seen nearby

‘ഞങ്ങളാണ് കഴിഞ്ഞ 15 വര്‍ഷങ്ങളിലും വേദി പങ്കുവെച്ചത്. മുന്‍പ് ഫുട്‌ബോളില്‍ ഇത് സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ല, എന്തായാലും അതൊട്ടും എളുപ്പമല്ല’, യുവേഫ അവാര്‍ഡ് സദസ്സില്‍ വെച്ചായിരുന്നു റൊണാള്‍ഡോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിലാണ് പോര്‍ച്ചുഗല്‍ താരം ഇപ്പോള്‍ കളിക്കുന്നത്. മുന്‍പ് ഒന്‍പത് വര്‍ഷം റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പോര് ലോകപ്രശ്‌നമായി മാറിയത്. അതേസമയം തങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ടെന്നും, ഇതുവരെ ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇവരെ മറികടന്ന് 2019 യുവേഫ പുരുഷ താരത്തിനുള്ള അവാര്‍ഡ് ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡിജിക് കവര്‍ന്നപ്പോള്‍ റൊണാള്‍ഡോ പ്രതികരിച്ചത്.

മെസ്സിയുമായുള്ള പോര് കുറിച്ചതോടെ ഇരുവരുടെയും കളി മാറിയെന്ന് റൊണാള്‍ഡോ ചൂണ്ടിക്കാണിച്ചു. എന്തായാലും തങ്ങള്‍ ഒരേ സമയത്ത് റിട്ടയര്‍ ചെയ്യില്ല. കാരണം മെസ്സിക്ക് 2 വയസ്സ് കുറവാണ്. രണ്ട്, മൂന്ന് വര്‍ഷം കൂടി കളിക്കളത്തില്‍ നിലയുറപ്പിക്കാന്‍ തന്നെയാണ് റൊണാള്‍ഡോയുടെ തീരുമാനം.