ഇന്‍സ്റ്റാഗ്രാമില്‍ മെസിയേക്കാള്‍ ഇരട്ടിവാരി ക്രിസ്റ്റ്യാനോ; കഴിഞ്ഞ വര്‍ഷം മാത്രം വാരിയത് 345 കോടി

0
221

കളിക്കളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, ലയണല്‍ മെസ്സിയും കടുത്ത വൈരികളാണ്. ഭൂമുഖത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ പദവി കരസ്ഥമാക്കാന്‍ മത്സരിക്കുമ്പോള്‍ മെസിയെ അല്‍പ്പം പിന്തള്ളാനും ക്രിസ്റ്റ്യാനോക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള വരുമാനത്തില്‍ ബാഴ്‌സലോണ സൂപ്പര്‍താരത്തെ പിന്തള്ളിയിരിക്കുകയാണ് യുവന്റസ് സൂപ്പര്‍താരം.

കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്റ്റ്യാനോ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും വാരിക്കൂട്ടിയത് 38.2 മില്ല്യണ്‍ പൗണ്ടാണ്, ഏകദേശം 345 കോടി രൂപ. ലയണല്‍ മെസ്സിയുടെ ഈ രംഗത്തെ വരുമാനത്തിന്റെ ഇരട്ടിയാണ് ഇതെന്നും അറിയണം. ഇതുവഴി ഇന്‍സ്റ്റയിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന വ്യക്തിയായും ക്രിസ്റ്റ്യാനോ മാറി.

തന്റെ പോസ്റ്റുകളില്‍ നിന്ന് മെസ്സിക്ക് 18.7 മില്ല്യണ്‍ പൗണ്ടാണ് വരുമാനം കിട്ടിയത്. സ്വാധീനശക്തിയുള്ള ഡേവിഡ് ബെക്കാമിന് പോലും 8.6 മില്ല്യണ്‍ പൗണ്ട് മാത്രമാണ് വരുമാനം. 34-ാം വയസ്സിലെത്തിയ പോര്‍ച്ചുഗീസ് താരം കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചെങ്കിലും ജനമനസ്സുകളില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

12 മാസത്തിനിടെ 34 സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകളാണ് റൊണാള്‍ഡോ പങ്കുവെച്ചത്. ഓരോന്നിനും 780,000 പൗണ്ട് വീതം (ഏകദേശം 7 കോടി) ഈടാക്കി, ഇതാണ് ആകെ 38.2 മില്ല്യണ്‍ പൗണ്ടായി വളര്‍ന്നത്.