Remove China Apps. കുറച്ച് ദിവസമായി ഏറെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. ടിക്ക് ടോക്കിന് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന രോഷവും, ലഡാക്ക് മേഖലയില്‍ ഇന്ത്യയും, ചൈനയും തമ്മിലുള്ള വടംവലിയും ചേര്‍ന്നതോടെയാണ് ജയ്പ്പൂരില്‍ നിന്നുള്ള ഡെവലപ്പര്‍മാര്‍ സൃഷ്ടിച്ച ഇന്ത്യന്‍ ആപ്പ് ജനപ്രിയമായി മാറിയത്.
50 ലക്ഷം പേര് ഡൗണ്‍ലോഡ് ചെയ്ത റിമൂവ് ചൈന ആപ്പ് ഗൂഗിള്‍ പ്ലേയുടെ ടോപ്പ് ഫ്രീം ആപ്പുകളിലും ഇടംനേടിയിരുന്നു. ആപ്പ് സ്റ്റോര്‍ നയങ്ങളില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യന്‍ ആപ്പിനെ നീക്കാനുള്ള കാരണമായി ഗൂഗിള്‍ വക്താവ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുമില്ല.
ഗൂഗിള്‍ തങ്ങളുടെ ആപ്പ് സസ്പെന്‍ഡ് ചെയ്തതായി ഡെവലപ്പേഴ്സ് സ്ഥിരീകരിച്ചു. റിമൂവ് ചൈന ആപ്പ്സ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ ഫോണിലുള്ള ചൈനീസ് ആപ്പുകളുടെ പട്ടിക ലഭിക്കും. ചൈനയില്‍ നിന്നും ഉത്ഭവിച്ച ആപ്പുകള്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യാനും അവസരം നല്കി.
ഉപയോക്താക്കളുടെ ഫോണുകളില്‍ നിന്ന് ബൈറ്റ്ഡാന്‍സിന്റെ ടിക്ക്ടോക്കും, ആലിബാബയുടെ യുസി ബ്രൗസറും ആപ്പ് കുത്തിപ്പൊക്കി. ഇവ ഡിലീറ്റ് ചെയ്താല്‍ ‘നിങ്ങള്‍ അടിപൊളിയാണ്, ഒരു ചൈന ആപ്പും കാണാനില്ല’ എന്ന് സന്ദേശം ലഭിക്കും.
പ്ലേസ്റ്റോര്‍ പുറത്താക്കിയതോടെ റിമൂവ് ചൈന ആപ്പ് ഇനി പുതിയ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. അടുത്തിടെ ടിക്ക്ടോക്കിന് എതിരാളിയെന്ന് പ്രഖ്യാപിച്ച് എത്തിയ ഇന്ത്യന്‍ ആപ്പ് മിത്രോമിനെയും ഗൂഗിള്‍ നീക്കിയിരുന്നു.