ജിമ്മില്‍ പോയിട്ട് മസ്സില്‍ മുളച്ചില്ല; ജിം ‘അഭ്യാസം’ നിര്‍ത്താന്‍ നമ്മള്‍ പറയുന്ന ‘ആ’ കാരണങ്ങള്‍

General reasons to stop gym training

0
370

സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, സൂര്യ, നമ്മുടെ സ്വന്തം ടൊവിനോ തോമസും, ഉണ്ണി മുകുന്ദനുമൊക്കെ നല്ല സെറ്റപ്പ് ആയിട്ട് ബോഡി ബില്‍ഡ് ചെയ്ത് വരുമ്പോള്‍ കണ്ട് കൊതിക്കുന്ന ചെറുപ്പക്കാര്‍ പിറ്റേന്ന് തന്നെ ജിമ്മിലേക്ക് ഓടും, എന്തിന് കുറച്ച് വെയ്റ്റ് ഒക്കെ എടുത്ത് പൊക്കി മസ്സില്‍ നിര്‍മ്മിക്കാന്‍. പക്ഷെ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ സംഗതി അത്ര ‘നിസ്സാരമല്ലെന്ന്’ തിരിച്ചറിയും. രണ്ട് ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല സ്‌ക്രീനില്‍ താരങ്ങള്‍ ഉണ്ടാക്കിയ മസ്സിലെന്ന് തിരിച്ചറിയുന്നതോടെ ആ പരിപാടി അങ്ങ് നിര്‍ത്തി മൂടിപ്പുതച്ച് ഉറങ്ങും.

എന്നാല്‍ നമ്മുടെ മുന്നോരുക്കങ്ങളും, പ്രതീക്ഷകളുമാണ് ഇതില്‍ പ്രധാന വിഘാതം സൃഷ്ടിച്ചതെന്ന സത്യം പലരും ഓര്‍മ്മിക്കാറില്ല. എന്താണ് ജിമ്മില്‍ പോക്ക് നിര്‍ത്തിയോ? എന്ന് ചോദിച്ചാല്‍ ഉടന്‍ വരുന്ന മറുപടികളില്‍ ചിലത് ഇങ്ങനെയാകും-

‘ഹോ, ഇതൊന്നും നമുക്ക് പറ്റിയ പരിപാടിയല്ല. സമയം വേണ്ടേ, സമയം’. എത്ര സത്യസന്ധമായ കാര്യം. ജീവിക്കാന്‍ തന്നെ സമയം പോരാ. അപ്പോഴാണ് ജിമ്മില്‍ പോകാന്‍ സമയം. ഇതിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാം. തിരക്കുപിടിച്ച് ഒടുവില്‍ ആശുപത്രിക്കാര്‍ക്ക് പൈസ കൊടുക്കുമ്പോള്‍ ഇത് ഒന്നുകൂടി ഓര്‍മ്മിച്ചാല്‍ മതി.

‘മസില്‍ പെട്ടെന്ന് മുളച്ചില്ല’. വീണ്ടുമൊരു സത്യം. നമ്മള്‍ പൊതുവെ പ്രതീക്ഷിക്കുന്നത് ഓടിച്ചെന്ന് എടുത്താല്‍ പൊങ്ങാത്ത വെയ്റ്റുകള്‍ എടുത്ത് ഉയര്‍ത്തി മസില്‍ സൃഷ്ടിക്കാമെന്നാണ്. എന്നാല്‍ ആറ് മാസമെങ്കിലും ചുരുങ്ങിയത് പണിയെടുത്താല്‍ മാത്രമാണ് എന്തെങ്കിലും മാറ്റങ്ങള്‍ ആരംഭിക്കുക. പതിയെ പതിയെ ആണ് മസില്‍മാന്‍മാര്‍ ഇതൊക്കെ ഉണ്ടാക്കി എടുക്കുന്നത് എന്ന സത്യം വിസ്മരിക്കപ്പെടും.

‘നമ്മുടെ നാട്ടിലെ ഭക്ഷണം മസില്‍ ഉണ്ടാക്കാന്‍ പറ്റിയതല്ല’. വിദേശികള്‍ കഴിക്കുന്നത് പോലുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ കൊണ്ട് പറ്റുമോ? പോഷകങ്ങള്‍ നിറഞ്ഞ തരത്തിലാണ് യഥാര്‍ത്ഥത്തില്‍ നാടന്‍ ഭക്ഷണക്രമം. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഈ ഭക്ഷണരീതി കൊണ്ട് ഒന്നും നടക്കില്ലെന്ന് കരുതുന്നത് അല്‍പ്പം ഓവറല്ലേ!

‘മസില്‍ ഉണ്ടാവാന്‍ പ്രോട്ടീന്‍ പൗഡര്‍ അടിക്കണം, അല്ലെങ്കില്‍ ഇഞ്ചക്ഷന്‍’. ബോഡി ബില്‍ഡിംഗ് പ്രൊഫഷനായി എടുക്കുന്നവരല്ലെങ്കില്‍ ഇതിന്റെയൊന്നും ഒരു ആവശ്യവുമില്ല. കൃത്യമായ രീതിയില്‍ ഭക്ഷണം സമയത്ത് കഴിച്ചാല്‍ മതി.

‘അവിടുത്തെ ട്രെയിനര്‍ പോരാ’. ട്രെയിനര്‍മാര്‍ പറഞ്ഞത് അനുസരിച്ച് പദ്ധതികള്‍ പ്ലാന്‍ ചെയ്ത്, അതില്‍ നമ്മുടെ ബുദ്ധിമുട്ടുകള്‍ കൃത്യമായി പറഞ്ഞ് വേണം പരിശീലിക്കാന്‍.

ഇങ്ങനെ പോകുന്ന നിരവധി കാരണങ്ങളില്‍ നിങ്ങളുടെ കാരണം ഏതാണ്?