മരങ്ങള്‍ക്ക് ‘രാഖി കെട്ടി’ ഗ്രാമവാസികള്‍; സഹോദരസ്‌നേഹം മരങ്ങളോട് കാണിച്ച് ഒരു പ്രതിഷേധം!

Rakhi for trees, an unusual protest!

0
221

പ്രതിഷേധങ്ങള്‍ പലവിധം ഉണ്ട്. ഗോവയിലെ മെലാവ്‌ലിമിലും ഇത്തരമൊരു വ്യത്യസ്ത പ്രതിഷേധം നടന്നു. മരണങ്ങള്‍ രാഖികെട്ടിയാണ് ഇവിടുത്തെ ഗ്രാമീണര്‍ പ്രതിഷേധിച്ചത്. എന്താണ് മരങ്ങളോടുള്ള ഈ സഹോദര സ്‌നേഹപ്രകടനത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നല്ലേ, കാര്യമുണ്ട്.

മരങ്ങള്‍ തിങ്ങിനിറഞ്ഞ വനപ്രദേശമായ ഇവിടെ ഒരു ഐഐടി ക്യാംപസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതിന് എതിരെയാണ് ഗ്രാമവാസികള്‍ രാഖി കെട്ടി പ്രതിഷേധിച്ചത്. മെലാവ്‌ലിം ഗ്രാമത്തില്‍ ഐഐടി ക്യാംപസിനായി 10 ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം ഏറ്റെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇത്.

പശ്ചിമഘട്ട മലനിരകള്‍ക്ക് കീഴില്‍ സ്ഥിതി ചെയ്യുന്ന മേഖയില്‍ വനത്തില്‍ കശുവണ്ടി വൃക്ഷങ്ങളുമുണ്ട്. തലമുറകളായി ഇതില്‍ നിന്ന് വിഭവങ്ങള്‍ ശേഖരിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. പ്രകൃതിയെ ഇത്രയും ദ്രോഹിക്കാതെ മറ്റൊരു സ്ഥലം ഐഐടി ക്യാംപസിനായി കണ്ടെത്താനാണ് സര്‍ക്കാരിനോട് ഇവര്‍ ആവശ്യപ്പെടുന്നത്.

ഗോവയില്‍ ഐഐടി വരുന്നതിനെയല്ല മറിച്ച് മറ്റൊരു സ്ഥലത്ത് ഇത് പണിയാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് രണ്ട് സ്ഥലങ്ങള്‍ ഗോവന്‍ സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പ് തടസ്സമായതോടെയാണ് മെലാവ്‌ലിമിന് നറുക്കുവീണത്. പരമ്പരാഗത പ്രാദേശിക സമൂഹങ്ങള്‍ വസിക്കുന്ന മേഖലയായതിനാല്‍ ഇവര്‍ക്ക് കൃത്യമായ രേഖകളുമില്ല. ഇതോടെയാണ് മരങ്ങളെയും, തങ്ങളെയും രക്ഷിക്കാന്‍ വൃക്ഷ ബന്ധന്‍ പ്രതിഷേധം നടത്തിയത്.