അന്തിച്ചര്‍ച്ചകളില്‍ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് കൂലങ്കഷമായി സംസാരിച്ചത് കൊണ്ട് സമൂഹത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ടോ? ഉത്തരം നിസംശയം പറയാം, തീര്‍ച്ചയായും ഇല്ല. അടുത്ത വാര്‍ത്ത വരുന്നത് വരെ മാത്രമാണ് ഓരോ പ്രൈം ടൈം ചര്‍ച്ചകളിലെ വിഷയങ്ങളുടെയും ആയുസ്സ്. ഇന്ന് ശബരിമലയാണെങ്കില്‍ നാളെ മറ്റൊന്ന്. ഇപ്പോള്‍ കൊല്ലം ആലപ്പാട് മേഖലയിലെ കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം മാധ്യമങ്ങള്‍ കണ്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ വാര്‍ത്ത ആഘോഷിക്കുകയാണ്.
എന്ത് കൊണ്ടാണ് പ്രൈം ടൈം ന്യൂസുകാര്‍ ജീവിക്കുന്ന ഇടം ഇല്ലാതാകുന്ന ജനങ്ങളുടെ അങ്കലാപ്പ് വാര്‍ത്തയാക്കാത്തത്? ചോദ്യം യുവതാരം പൃഥ്വിരാജിന്റേതാണ്. ശബരിമല വലിയ ചര്‍ച്ചാ വിഷയമായി ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് പൃഥ്വി ഈ ചോദ്യവുമായി ഫേസ്ബുക്കില്‍ എത്തുന്നത്. ‘വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതിഷേധങ്ങളും, മതം ചര്ച്ചാവിഷയവുമാകുന്നു. പക്ഷെ ചിലര്‍ വീടെന്ന് വിളിക്കുന്ന സ്ഥലം ഇല്ലാതാകുമ്പോഴും വാര്‍ത്തകളില്‍ ഇടം ലഭിക്കുന്നില്ല’, പൃഥ്വി കുറിച്ചു.
ഫേസ്ബുക്കില്‍ എന്തെങ്കിലും കുത്തിക്കുറിച്ചത് കൊണ്ട് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പൃഥ്വി മുന്‍കൂര്‍ ജാമ്യവും എടുക്കുന്നുണ്ട്. ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതുന്നത് അനാവശ്യ വ്യായാമമായി മാറിക്കഴിഞ്ഞപ്പോഴും തന്റെ ശബ്ദം വലിയൊരു ആവശ്യത്തിന്റെ ഭാഗമായി ഉയര്‍ത്തുന്ന ശബ്ദങ്ങളില്‍ കൂടിച്ചേരുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഇതുവഴിയെങ്കിലും അധികൃതര്‍ ആലപ്പാടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അപേക്ഷ കേള്‍ക്കുമെന്നാണ് പൃഥ്വിരാജ് കരുതുന്നത്. തീരദേശ കുടുംബങ്ങള്‍ നടത്തിവരുന്ന റിലേ നിരാഹാരം 70 ദിവസം പിന്നിടുമ്പോഴാണ് ചവറ, ആലപ്പാട് മേഖലയിലെ സമരം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ശബരിമല വിഷയം കത്തിയാളുമ്പോള്‍ ഈ വിഷയത്തിലേക്ക് ശ്രദ്ധ നയിക്കുന്നതിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.