ഡീസലിന് വില കൂടിയാലും ഒന്നുമില്ല; പോര്‍ഷെ ‘ആ പരിപാടി’ നിര്‍ത്തി!

Diesel Dead. Porsche goes for hybrids.

0
292

ലോകത്തിന് ഡീസല്‍ വാഹനങ്ങളോട് കമ്പം കുറഞ്ഞ് വരികയാണ്. ഇലക്ട്രിക്, ഹൈബ്രിഡ് എഞ്ചിനുകളെ വാഹനപ്രേമികള്‍ സ്‌നേഹിച്ച് തുടങ്ങിയതോടെ ഡീസലിന്റെ നിറംമങ്ങി. ഡീസല്‍ വാഹനങ്ങള്‍ പതിയെ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്ന് വ്യക്തമാക്കുന്നതാണ് വാഹന വിപണിയിലെ മാറ്റങ്ങള്‍. ഡീസല്‍ എഞ്ചിനുകളോട് ടാറ്റാ ബൈബൈ പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ.

ഡീസല്‍ വാഹന മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുകയും, ഡിമാന്‍ഡ് കുറഞ്ഞതും ചേര്‍ന്നാണ് പുതിയ ടെക്‌നോളജിയിലേക്ക് വഴിതിരിയാന്‍ പോര്‍ഷെയെ പ്രേരിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ഡീസല്‍ മോഡലുകളെ ശ്രേണിയില്‍ നിന്നും നീക്കിയ ശേഷമാണ് ഭാവിയില്‍ ഈ മോഡലുകള്‍ ഉണ്ടാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചത്.

‘ഡീസലിനെ ഭീകരമാക്കി ഉയര്‍ത്തിക്കാണിക്കുകയല്ല പോര്‍ഷെയുടെ ഉദ്ദേശം. അത് വളരെ പ്രധാനമായ ടെക്‌നോളജിയാണ്. എന്നാല്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളെന്ന നിലയില്‍ ഡീസല്‍ ഞങ്ങള്‍ക്ക് കുറവ് ഗുണമാണ് നല്‍കിയത്. അതുകൊണ്ട് ഭാവിയില്‍ ഡീസല്‍ രഹിതമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. നിലവിലെ ഡീസല്‍ കസ്റ്റമേഴ്‌സിന് പിന്തുണ നല്‍കും’, പോര്‍ഷെ അറിയിച്ചു.

പോര്‍ഷെയുടെ മാതൃസ്ഥാപനമായ ഫോക്‌സ്‌വാഗണ്‍ ഡീസല്‍ വാഹനങ്ങളില്‍ മലിനീകരണം കുറച്ച് കാണിക്കാന്‍ തട്ടിപ്പ് നടത്തിയതിന് പിടിക്കപ്പെട്ടതിന്റെ പശ്ചാത്തലിലാണ് ഡീസല്‍ എഞ്ചിന്‍ തന്നെ കമ്പനി വേണ്ടെന്ന് വെയ്ക്കുന്നത്. എന്നാല്‍ വിപണിയിലെ മാറ്റങ്ങളാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് പോര്‍ഷെ പറയുന്നു.