ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായി കണ്ടെത്തിയതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 13 വ്യാജ ആപ്പുകള്‍ ടെക് വമ്പന്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പ്ലേ സ്റ്റോര്‍ ശുദ്ധീകരിക്കാനുള്ള ഗൂഗിളിന്റെ നീക്കങ്ങള്‍ എങ്ങും എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപയോക്താക്കളുടെ ഡൗണ്‍ലോഡ് പോലുള്ളവ നിരീക്ഷിച്ച് പണമുണ്ടാക്കുകയാണ് ഇത്തരം ആപ്പുകള്‍.
എത്ര പേര് ഡൗണ്‍ലോഡ് ചെയ്തെന്ന് പരിശോധിച്ചാണ് പലരും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. 2 ബില്ല്യണ്‍ ഡൗണ്‍ലോഡുകളുള്ള എട്ട് ആപ്പുകളാണ് ഉപയോക്താക്കളുടെ പെര്‍മിഷനുകള്‍ ദുരുപയോഗം ചെയ്ത് ഡൗണ്‍ലോഡ് നിരീക്ഷിക്കുകയും, ഇന്‍സ്റ്റാള്‍ ബോണസുകള്‍ മോഷ്ടിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍.
ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. ചീറ്റാ മൊബൈല്‍, കികാ ടെക് എന്നീ കമ്പനികളുടെ എട്ട് ആപ്പുകളാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്നത്. ഡൗണ്‍ലോഡ് വിവരങ്ങള്‍ ശേഖരിച്ച് മറ്റ് ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്നും ഫീസ് ഈടാക്കുകയാണ് ഇവര്‍. സംശയത്തിലുള്ള ആപ്പുകള്‍ താഴെ പറയുന്നു:
- ക്ലീന്‍ മാസ്റ്റര്‍
- സിഎം ഫയല്‍ മാനേജര്‍
- സിഎം ലോഞ്ചര്‍ 3ഡി
- സെക്യൂരിറ്റി മാസ്റ്റര്‍
- ബാറ്ററി ഡോക്ടര്‍
- സിഎം ലോക്കര്‍
- ചീറ്റാ ലോക്കര്‍
- കിക്കാ കീബോര്‍ഡ്
എന്നാല്‍ തങ്ങള്‍ ചതി ചെയ്യുന്നില്ലെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്വെയറുകളാണ് ഇത് ചെയ്യുന്നതെന്ന് പറയുമ്പോള്‍ ഈ കമ്പനികളും ഇവരുടേത് തന്നെയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.