അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വംശവെറിക്ക് എതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് ഒഹിയോയില്‍ സമാധാനപരമായി നടന്ന പ്രതിഷേധങ്ങളില്‍ ഇരുകാലുകളുമില്ലാത്ത ഒരു മനുഷ്യന് നേരെ പോലീസ് നീചമായ പ്രവൃത്തി കാഴ്ചവെച്ച് വീണ്ടും ‘കഴിവ്’ തെളിയിച്ചത്.
നിലത്ത് തള്ളിയിട്ട് പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും ചെയ്ത പോലീസ് ഈ പ്രതിഷേധക്കാരന്റെ പൊയ്ക്കാലുകള്‍ അഴിച്ചെടുത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലത്ത് വീണുകിടന്ന് ആശങ്കപ്പെടുന്ന പ്രതിഷേധക്കാരന്റ ദൃശ്യങ്ങളാണ് പോലീസിന് എതിരായ രോഷം വര്‍ദ്ധിപ്പിക്കുന്നത്.

പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടപ്പോഴാണ് ഇദ്ദേഹത്തിന് നേര്‍ക്ക് പെപ്പര്‍ സ്പ്രേ പ്രയോഗിക്കപ്പെട്ടത്. ഇതിന് പുറമെ പൊയ്ക്കാലുകള്‍ അഴിച്ചെടുത്ത് കൊണ്ടുപോകാനും പോലീസ് ശ്രമിച്ചു. മറ്റ് പ്രതിഷേധക്കാര്‍ പോലീസുകാരെ തടഞ്ഞെങ്കിലും പൊയ്ക്കാലുകള്‍ തിരികെ നല്കാന് തയ്യാറായില്ല. ഇതോടെ കൂടുതല്‍ പ്രതിഷേധക്കാര്‍ കുതിച്ചെത്തിയതോടെ ഇവര്‍ക്ക് നേരെയും പെപ്പര്‍ സ്പ്രേ പ്രയോഗിക്കപ്പെട്ടു.
ഇതുകൊണ്ട് പിന്മാറാതെ പൊയ്ക്കാലും ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാര്‍ പിടിച്ചുവാങ്ങിയത്. കാലുകളില്ലാത്ത വ്യക്തിക്ക് നേരെ നടന്ന അതിക്രമങ്ങളുടെ വീഡിയോയും, ഫോട്ടോയും കണ്ടതായി കൊളംബസ് മേയര്‍ ആന്‍ഡ്രൂ ഗിന്തര് പ്രതികരിച്ചു. സംഭവം ഗുരുതരമായി കണക്കാക്കി, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് മേയര്‍ പറയുന്നു.