മാര്‍ച്ച് 22ന് വീടുകള്‍ക്ക് മുന്നിലും, ബാല്‍ക്കണികളിലും നിന്ന് കൊറോണാവൈറസിന് എതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കൈയടിച്ചും, പാത്രങ്ങള്‍ കൊട്ടിയും ശബ്ദം ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. പാത്രം കൊട്ടിയാല്‍ വൈറസ് ഓടിപ്പോകുമോയെന്നാണ് ചില വിദ്വാന്മാര് സംശയം ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഈ ആഹ്വാനത്തോട് നല്ല രീതിയില്‍ പ്രതികരിച്ചു, സ്വന്തം ജീവന് പണയം വെച്ച് പോരാടുന്ന ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും നന്ദി അറിയിച്ച് അവര്‍ രംഗത്തിറങ്ങി.
ഇതോടൊപ്പം വേിമര്ശനം ഏറ്റുവാങ്ങിയ പരിപാടിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ. ഒരു ഞായറാഴ്ച വീട്ടിലിരുന്നാല്‍ കൊറോണയെ തോല്‍പ്പിക്കാന്‍ കഴിയുമോയെന്ന് പാലക്കാടിന്റെ തോറ്റ എംപി വരെ ഫേസ്ബുക്കില്‍ ചോദിച്ച് മോദി വിരോധം കൊണ്ട് ഉറഞ്ഞുതുള്ളി. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ കേരളവും പങ്കാളിയാകുമെന്ന് വ്യക്തമാക്കിയതോടെ ആ ഞായറാഴ്ച കര്‍ഫ്യൂ പരിഹസിച്ചവരും, ചോദ്യം ചെയ്തവരും വരെ ആചരിച്ച് കടന്നുപോയി.
ഇപ്പോഴിതാ വീണ്ടും അടുത്ത ‘പരിഹാസ’ പരിപാടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. കൊറോണപ്രതിസന്ധിക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ ഏപ്രില്‍ 5ന് വീടുകളിലെ വൈദ്യുതി ദീപങ്ങള്‍ ഓഫാക്കി വിളക്കുകളും, മെഴുകുതിരികളും, മൊബൈല്‍ ലൈറ്റും തെളിയിക്കാനാണ് പ്രധാനമന്ത്രി മോദി ‘ദിയാ ജലാവോ’ ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊറോണാവൈറസിനെ നേരിടാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ പിന്നിട്ടതോടെ ആളുകള്‍ അസ്വസ്ഥരാണ്. പലരും വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിളക്ക് തെളിച്ചും, മെഴുകുതിരി കത്തിച്ചും പ്രാര്‍ത്ഥിക്കുന്നതാണ് ഇന്ത്യയിലെ രീതി. ഇതിന് അനുസൃതമായി ദീപം തെളിച്ച് ഒരുമിച്ച് പോരാടുമെന്ന് പ്രഖ്യാപിക്കാനും, ആരും ഒറ്റയ്ക്കല്ലെന്ന് വ്യക്തമാക്കാനും മോദി പറഞ്ഞത് ചെറിയ കാര്യവുമല്ല.
എന്തായാലും പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ട്രോളുകള്‍ പരിഹാസം ചൊരിയുകയുമാണ്. നമ്മുടെ ‘ഓസ്കാര്‍’ പ്രതീക്ഷ ലിജോ ജോസ് പെല്ലിശ്ശേരി വരെ ദീപം തെളിയിക്കലിനെ വിമര്‍ശിച്ച് കൈയടി വാങ്ങിക്കഴിഞ്ഞു. ഉദ്ഘാടനത്തിന് ദീപം തെളിയിക്കാന്‍ കുത്തുവിളക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ മന്ത്രിമാരുള്ള നാടാണ് ഈ കൊച്ചുകേരളം. അങ്ങിനെ വരുമ്പോള്‍ ഈ വിമര്‍ശനം വെറും സ്വാഭാവികം മാത്രം.
കൈയടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ
ലോക്ക്ഡൗണ്‍ പ്രമാണിച്ച് ഭൂരിഭാഗം പേരും വീടുകളില്‍ ഫോണും നോക്കി ഇരുപ്പാണ്. വീട്ടിലിരുന്ന് മടുത്തുന്ന എന്നാണ് ഇവരുടെ ഒരു ബുദ്ധിമുട്ട്. പിന്നെ ബിവറേജ് ഇല്ലാത്തതിന്റെ ചില വിഷമങ്ങളും ഒഴിച്ചാല്‍ കാര്യമായ ടെന്‍ഷനുകളില്ല. കൊറോണാവൈറസിനെ വെറുതെയിരുന്ന് തോല്‍പ്പിക്കുന്ന ഈ ഭൂരിപക്ഷത്തെ യാഥാര്‍ത്ഥ്യം ബോധിപ്പിക്കാനും രാജ്യത്തിന്റെ പോരാട്ടത്തിലേക്ക് ശ്രദ്ധിക്കാനും കൈയടിക്കലും, ദീപം തെളിക്കലും ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് സാധിക്കും.
പിന്നെ ഇന്ത്യയില്‍ മാത്രമല്ല കൊവിഡ്-19 എത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണസംഖ്യ കുതിച്ചുയര്‍ന്നിട്ടും ഇന്ത്യ സ്വീകരിച്ച ശക്തമായ നടപടികളും, ജാഗ്രതയും തന്നെയാണ് 130 കോടി ജനസമൂഹമുള്ള രാജ്യത്തെ രക്ഷിച്ച് നിര്‍ത്തുന്നത്. മരണസംഖ്യ കുതിച്ച ഇറ്റലിയിലും, സ്പെയിനിലും, യുകെയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രധാനമന്ത്രിമാരും, രാജകുടുംബങ്ങളും സാധാരണക്കാരും ഒരു പോലെ വീടുകള്‍ക്ക് പുറത്തിറങ്ങി കൈയടിക്കുന്നു. ന്യൂയോര്‍ക്കില്‍ ദിവസേനയാണ് ഈ പരിപാടി അരങ്ങേറുന്നത്.
9 മണി, 9 മിനിറ്റ് പരിപാടി കൊറോണവൈറസിനെ കൊല്ലുമോ?
സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ചില പ്രചരണങ്ങള്‍ നടക്കുന്നത്. ദീപങ്ങള്‍ കത്തിക്കുന്നത് വഴി താപനില 9 ഡിഗ്രി ഉയരുകയും കൊറോണയെ ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഒരു പ്രചരണം. ഇതിന് പുറമെ 9ന്റെ ന്യൂമറോളജി സാധ്യതകളാണ് മറ്റൊരു പ്രചരണം. സത്യത്തില്‍ ഇതിന് ജ്യോതിഷശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജ്യോതിഷികള്‍ പോലും പറയുന്നു. ഏപ്രില്‍ 13ന് ശേഷം സൂര്യന്റെ സ്ഥാനം മാറുമ്പോഴാണ് ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
പ്രധാനമന്ത്രി മോദിയുടേത് ഒളിച്ചോട്ടമാണോ?
15000 കോടി രൂപ കൊറോണാവൈറസ് പ്രതിരോധത്തിനുള്ള ആശുപത്രി സംവിധാനങ്ങള്‍ക്കായി പ്രഖ്യാപിച്ചത് മുതല്‍ സാമ്പത്തിക പാക്കേജ് ലഭിച്ചില്ലെന്ന മുറവിളി ശക്തമാണ്. ഇതിന് പിന്നാലെ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത്. പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും നേരിട്ട് പണവും, ഭക്ഷണവും ലഭ്യമാക്കാന്‍ പിന്തുണ ഉറപ്പിക്കുകയാണ് ആദ്യ പാക്കേജ് ലക്ഷ്യമിട്ടത്. 11092 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് എസ്ഡിഎംആര്എഫ് ഫണ്ടില്‍ നിന്നും ധനഹസായം കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ സാമ്പത്തിക പാക്കേജ് അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാമാരി മൂലം കുഴപ്പത്തിലായ മേഖലകളെ സഹായിച്ച് രാജ്യം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തിരിച്ചുവരവ് എളുപ്പത്തിലാക്കാനാണ് ഈ പാക്കേജ് തയ്യാറാക്കുന്നത്. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും, സര്‍വ്വീസ്, എക്സ്പോര്‍ട്ട് മേഖലകള്‍ക്കും പാക്കേജിന്റെ പിന്തുണ ലഭിക്കും.
ഈ ഘട്ടത്തില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപരിധി വരെ വിജയിച്ച് തന്നെ നില്ക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള നാട്ടില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുക എളുപ്പമുള്ള കാര്യവുമല്ല. പക്ഷെ അറിയാത്ത ഒരു എതിരാളിക്ക് നേരെയുള്ള ഈ പോരാട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് നില്‍ക്കേണ്ടത് അനിവാര്യമാണ്.