പ്രധാനമന്ത്രി മോദി ടാറ്റ പറഞ്ഞത് ക്യാമറയ്ക്കല്ല; ട്രോളന്‍മാരുടെ വായടപ്പിച്ച് യഥാര്‍ത്ഥ വീഡിയോ പുറത്ത്

0
314

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കുക എന്ന നിലപാട് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കൊണ്ടാടുന്നത് ട്രോളന്‍മാരാണ്. തങ്ങളുടെ ശത്രു സ്ഥാനത്ത് നില്‍ക്കുന്ന ഒരു വ്യക്തി, അല്ലെങ്കില്‍ ഒരു സിനിമ, എന്നിങ്ങനെ ഏതുവിഷയത്തിലും കേട്ട പാതി കേള്‍ക്കാത്ത പാതി ട്രോളുകളുടെ പെരുമഴ രചിച്ച് സ്വയം നിര്‍വൃതി അടയും. കഴിഞ്ഞ ദിവസം ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആളില്ലാത്ത ട്രെയിന് നേര്‍ക്ക് ക്യാമറകള്‍ക്ക് വേണ്ടി കൈവീശി കാണിച്ചെന്നായിരുന്നു ട്രോള്‍ നിര്‍മ്മാതാക്കളുടെ കണ്ടെത്തല്‍.

സംഗതി സത്യമെന്ന് ഉറപ്പിക്കാന്‍ ആളില്ലാതെ സഞ്ചരിക്കുന്ന ഒരു ട്രെയിന്‍ കടന്നുപോകുന്ന വീഡിയോയും പങ്കുവെയ്ക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വരെ വീഡിയോയുടെ പേരില്‍ പ്രധാനമന്ത്രിയെ പരിഹസിച്ചു. പക്ഷെ ഈ സംഭവത്തിന്റെ സമ്പൂര്‍ണ്ണമായ വീഡിയോ പുറത്തുവന്നതോടെ ട്രോളന്‍മാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതാണ് അവസ്ഥ.

ഡിസംബര്‍ 25ന് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രി മോദി കൈവീശിക്കാണിച്ചത് ആളുകള്‍ തിങ്ങിനിറഞ്ഞ ട്രെയിന് നേര്‍ക്കാണ്. 21 വര്‍ഷക്കാലമായി ജനങ്ങള്‍ കാത്തിരുന്ന ഒരു പാലമാണ് ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ഈ പാലം. 1997-ല്‍ തറക്കല്ലിട്ട പാലത്തിന്റെ നിര്‍മ്മാണം ഇത്രയും വര്‍ഷം തടസ്സപ്പെട്ട് കിടക്കുകയായിരുന്നു.

ബോഗിബീല്‍ പാലത്തിലൂടെയുള്ള ആദ്യ ട്രെയിന്റെ യാത്രയും ഈ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ട്രെയിനില്‍ സഞ്ചരിച്ചവരാണ് പ്രധാനമന്ത്രിക്ക് നേരെ കൈവീശി കാണിച്ചത്. ആളുകള്‍ മോദിയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നകും എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്.