കൊറോണാവൈറസ് മഹാമാരിയും, സമ്പദ് വ്യവസ്ഥയെ പിടിച്ചുകെട്ടിയ ലോക്ക്ഡൗണും നടക്കുമ്പോഴും കോട്ടം തട്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം. ഹിമാചല്‍ പ്രദേശാണ് മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ മുന്നില്‍, ഇവിടെ 95.1 ശതമാനം പേരാണ് മോദിയെ പിന്തുണയ്ക്കുന്നത്.
കൊറോണ പ്രതിസന്ധിക്കിടെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് മോദിയുടെ പ്രഭാവം ഇടിക്കാമെന്ന് സ്വപ്നം കണ്ട പ്രതിപക്ഷത്തിനാണ് ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വ്വെ അമ്പരപ്പ് സമ്മാനിക്കുന്നത്. കേരളം, തമിഴ്നാട് എന്നിവിടങ്ങള്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന ഗോവയിലും രാഹുല്‍ ഗാന്ധി മുന്നിലെത്തി.
കേരളത്തില്‍ നരേന്ദ്ര മോദിയുടെ ജനപ്രിയത അത്ര പിന്നിലാണെന്നും പറയാന്‍ കഴിയില്ല. കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള ലോക്സഭാ എംപിയായ രാഹുല്‍ 1 ശതമാനം വോട്ടിനാണ് മുന്നിലുള്ളത്. തമിഴ്നാട്ടില്‍ 5 ശതമാനം വോട്ടിന് മോദിയെ മറികടന്നപ്പോള്‍ ഗോവയില്‍ പ്രധാനമന്ത്രിയേക്കാള്‍ 11 ശതമാനം വോട്ട് രാഹുലിന് അനുകൂലമാണ്.
അതേസമയം ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ 64.06%, 67.01% എന്നിങ്ങനെയാണ് മോദിയുടെ ജനപ്രിയത. കുടിയേറ്റ തൊഴിലാളികള്‍ അധികമുള്ള ഈ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് 29.95%, 27.49 ശതമാനം എന്നിങ്ങനെയാണ് പിന്തുണ.
കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢില്‍ പ്രധാനമന്ത്രിക്ക് 89.09 ശതമാനം പിന്തുണയുണ്ട്. രാഹുല്‍ ഗാന്ധിക്ക് 4.55 ശതമാനം റേറ്റിംഗ് മാത്രമാണ് ഇവിടെ സര്‍വ്വെയില്‍ ലഭിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും രാഹുലിന് നിരാശയാണ്, 12.51 ശതമാനം പിന്തുണ.