കൊളംബിയ എന്നുകേട്ടാല്‍ മലയാളിക്ക് ഫുട്ബോള്‍ വഴിയുള്ള ബന്ധമാണ്. സെല്‍ഫ് ഗോള്‍ അടിച്ചതിന് ഭ്രാന്തന്മാര് വകവരുത്തിയ ആന്ത്രെസ് എസ്കോബാര്‍ മുതല്‍ മധ്യനിരക്കാരന് കാര്‍ലോസ് വാള്ഡെറാമയും, സ്കോര്പിയോണ് കിക്ക് കാണിച്ചു തന്ന ഗോള്‍കീപ്പര്‍ ജോസ് റെനെ ഹിഗ്വെറ്റയും വരെ നീളും ഈ ബന്ധം.
എന്നാല്‍ ഇതൊന്നും അല്ലാത്ത ഒരു ബന്ധം കൂടി കേരളവും, കൊളംബിയയും തമ്മിലുണ്ട്. ആ ബന്ധം മുഖ്യമന്ത്രി പിണറായി വിജയന്റെ പരനാറി പ്രയോഗവുമായി ബന്ധപ്പെട്ടാണെന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. സംസ്ഥാനത്തെ ഇടതുപക്ഷ സഖ്യത്തിലുണ്ടായിരുന്ന ആര്‍എസ്പിയുടെ നിലപാടും, എംകെ പ്രേമചന്ദ്രന് എംപിയുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന് പരനാറി പ്രയോഗം നടത്തിയത്. പരനാറി പ്രയോഗം വലിയ വിവാദമാകുകയും, വോട്ട് നഷ്ടത്തില്‍ വരെ കലാശിക്കുകയും ചെയ്തെങ്കിലും പറഞ്ഞത് ഒട്ടും കുറഞ്ഞില്ലെന്നാണ് പിണറായി ന്യായീകരിച്ചത്.
ഇനി പരനാറിക്ക് കൊളംബിയയുമായുള്ള ബന്ധം എന്തെന്നല്ലേ! ഇതേ പേരില്‍ കൊളംബിയയിലെ ഗുവാജിറയില് ഒരു സ്ഥലം സ്ഥിതി ചെയ്യുന്നു എന്നത് തന്നെ. സൗത്ത് അമേരിക്കയിലെ വടക്കുകിഴക്കന്‍ മുനമ്പാണ് ഇൗ പറയുന്ന പരനാറി. ലോകത്തിന്റെ മറ്റൊരു മൂലയില്‍ ഇതേ പേരില്‍ ഒരു സ്ഥലമുണ്ടെന്ന് അറിയാതെയാകാം മലയാളികളുടെ ഈ പ്രയോഗം. മോശക്കാരന്‍ എന്ന പേരിലാണ് നമ്മള് ഇതെടുത്ത് ഉപയോഗിക്കുന്നതെന്ന് കൊളംബയയിലെ അന്നാട്ടുകാര്‍ എന്നെങ്കിലും അറിയുമോ ആവോ!