കൊറോണാ ‘മരുന്ന്’ പുറത്തിറക്കിയ പതഞ്ജലിക്ക് ആയുഷ് മന്ത്രാലയത്തിന്റെ നോട്ടീസ്; തെളിയിച്ചിട്ട് മതി പരസ്യം; വഴിതെറ്റിക്കുന്നുവെന്ന് കേസ് വെറെ!

Road block for Patanjali Covid-19 cure

0
317

ഏഴ് ദിവസം കൊണ്ട് കൊറോണാവൈറസ് രോഗം ഭേദപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദ പുറത്തിറക്കിയ കൊറോണാമരുന്നിനെ കുറിച്ച് വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയം. മരുന്ന് പരിശോധിച്ച് തെളിയുന്നത് വരെ പരസ്യം നിര്‍ത്തിവെയ്ക്കാനും മന്ത്രാലയം ഉത്തരവിട്ടു.

കൊറോണില്‍, സ്വാസരി എന്നീ മരുന്നുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് 280 രോഗികള്‍ പരീക്ഷിച്ച് വിജയിച്ചെന്ന പ്രഖ്യാപനത്തോടെ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് പുറത്തിറക്കിയത്. 545 രൂപയ്ക്കാണ് കൊറോണാ കിറ്റ് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ സ്‌റ്റോറുകള്‍ വഴി വില്‍പ്പന തുടങ്ങാന്‍ ഇരിക്കവെയാണ് ആയുഷ് മന്ത്രാലയം മരുന്നിലെ ചേരുവകള്‍, ഗവേഷണ വിവരങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ ക്ലിയറന്‍സ് ലഭിച്ചോ, ക്ലിനിക്കല്‍ ട്രയലിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ആരാഞ്ഞത്.

പതഞ്ജലി അവകാശപ്പെടുന്ന പരീക്ഷണങ്ങളും, ശാസ്ത്രീയ പഠനങ്ങളും സംബന്ധിച്ച് മന്ത്രാലയത്തിന് അറിവില്ലെന്ന് ആയുഷ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈസന്‍സ്, ഉത്പന്നത്തിന് ലഭിച്ച അംഗീകാരങ്ങള്‍ എന്നിവ ഹാജരാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. റാണ്ടമൈസ്ഡ് പ്ലാസിബോ കണ്‍ട്രോള്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് നടത്തിയതായും, അതിന്റെ വിവരങ്ങള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്‌തെന്നാണ് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണയുടെ പ്രതികരണം.

പൊതുജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച് രാജസ്ഥാനിലും, ഹരിയാനയിലും പതഞ്ജലിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ അനുമതിയില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ചേര്‍ന്നാണ് പതഞ്ജലി കൊറോണയ്ക്ക് ആയുര്‍വ്വേദ മരുന്ന് വികസിപ്പിച്ചത്. 100% ഫലമാണ് ബാബാ രാംദേവ് അവകാശപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു.