ലോകത്ത് ശാസ്ത്രജ്ഞര്‍ മുഴുവന്‍ നെട്ടോട്ടത്തിലാണ്. കൊറോണാവൈറസ് എന്ന വൈറസിനെ തുരത്താനുള്ള വാക്സിന് കണ്ടെത്താന്‍ സമയത്തെ വെല്ലുവിളിച്ച് ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയില്‍ യോഗാ ഗുരു ബാബാ രാംദേവ് കൊവിഡ്-19ന് എതിരായ ആദ്യത്തെ ആയുര്‍വ്വേദ മരുന്ന് പുറത്തിറക്കി.
കൊറോണില്‍ എന്ന പേരിലാണ് പതഞ്ജലി ആയുര്‍വ്വേദ ഈ മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. ‘രാജ്യവും, ലോകം മുഴുവനും കൊറോണയ്ക്കെതിരായ മരുന്നോ, വാക്സിനോ വേണ്ടി കാത്തിരിക്കുകയാണ്. ആദ്യത്തെ ആയുര്‍വ്വേദിക്, ക്ലിനിക്കല്‍ നിയന്ത്രിത ട്രയല്‍ നടത്തി ഗവേഷണം അടിസ്ഥാനമാക്കിയ മരുന്ന് പതഞ്ജലി റിസേര്‍ച്ച് സെന്ററും, നിംസും ചേര്‍ന്ന് തയ്യാറാക്കി അഭിമാനപുരസരം അവതരിപ്പിക്കുകയാണ്’, ഹരിദ്വാറില്‍ നടന്ന പത്രസമ്മേളനത്തില്‍ ബാബാ രാംദേവ് പ്രഖ്യാപിച്ചു.

3 മുതല്‍ 7 ദിവസം കൊണ്ട് 100% രോഗമുക്തിയാണ് രാംദേവിന്റെ മരുന്ന് വാഗ്ദാനം ചെയ്യുന്നത്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയല്ല, രോഗമുക്തി തന്നെയാണ് കൊറോണില്‍ ചെയ്യുന്നതെന്ന് ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. 30 ദിവസത്തേക്കുള്ള കിറ്റിന് 545 രൂപയാണ് വില. പച്ചമരുന്നുകളും, ധാതുക്കളും ചേര്‍ത്താണ് മരുന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ പതഞ്ജലി സ്റ്റോറുകള്‍ വഴിയാണ് മരുന്ന് കിറ്റ് ലഭ്യമാക്കുകയെന്ന് രാംദേവ് പറഞ്ഞു. കൂടാതെ ഡെലിവെറി എളുപ്പമാക്കാന്‍ ആപ്പും തയ്യാറാക്കുന്നുണ്ട്. 3 ദിവസം കൊണ്ട് തന്നെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ട 65 ശതമാനം രോഗികള്‍ക്കും നെഗറ്റീവ് ഫലം ലഭിച്ചെന്നാണ് രാംദേവിന്റെ വാദം. ഏഴ് ദിവസത്തിനകം 100% പേര്‍ക്കും രോഗം ഭേദമായി. മരണസംഖ്യ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ തങ്ങളുടെ മരുന്നിന് സാധിച്ചെന്നാണ് യോഗാ ഗുരുവിന്റെ പക്ഷം.
കൊവിഡ്-19 വാക്സിന് വികസിപ്പിക്കാന്‍ ആസ്ട്രാസെനെകാ, മോഡേണാ, ഫിസര്‍, ജോണ്സണ് & ജോണ്സണ്, മെര്‍ക്, സനോഫി, ബയോന്‍ടെക്, ചൈനയിലെ കാന്‍സിനോ ബയോളജിക്സ് തുടങ്ങിയ കമ്പനികളാണ് പരീക്ഷണത്തിലുള്ളത്. ഇതിനിടയിലാണ് പരമ്പരാഗത മരുന്നുകളുമായി പതഞ്ജലി രംഗപ്രവേശനം നടത്തിയിരിക്കുന്നത്.