അര്‍ജന്റീനയിലാണ് സംഭവം. ഒരു ബലാത്സംഗ, കൊലപാതക കേസില്‍ ഇരയുടെ തത്തയെ അക്രമികള്‍ക്കെതിരെ തെളിവായി ഉപയോഗിക്കാനാണ് പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറെടുക്കുന്നത്.
ബ്യൂണസ് എയേഴ്സില്‍ 46-കാരി എലിസബത്ത് ടൊളേഡോ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലാണ് തത്തയെ തെളിവായി കോടതിയില്‍ എത്തിക്കുന്നത്. 2018ല്‍ നടന്ന സംഭവത്തില്‍ 51-കാരന് മിഗ്വേല്‍ സാറ്റുര്ണിനോ, 62-കാരന് ജോര്‍ഗ് റൗള്‍ അല്‍വാരെസ് എന്നിവരാണ് വിചാരണ നേരിടുന്നത്.
കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച തെളിവുകളിലാണ് കൊലപാതകം നടന്നതിന് ശേഷം സ്ഥലത്തെത്തിയ പോലീസ് ഓഫീസര്‍ ഇരയുടെ തത്ത ‘അരുത്, ദയവായി, എന്നെ വിടൂ’ എന്ന് ആവര്‍ത്തിക്കുന്നത് ശ്രദ്ധിച്ചത്. കൊലപാതക സ്ഥലത്ത് പാറാവ് നില്ക്കുമ്പോള് സ്ത്രീ ബഹളം വെയ്ക്കുന്നത് പോലെ തോന്നിയ പോലീസുകാരന് അപ്പാര്‍ട്ട്മെന്റില്‍ കയറി നോക്കുമ്പോള്‍ ഇര കൊല്ലപ്പെട്ട നിലയില്‍ നിലത്ത് കിടന്നിരുന്നു.
എന്നാല്‍ അടുത്തുള്ള കൂട്ടില്‍ കിടന്ന തത്തയാണ് ഈ വാക്കുകള്‍ ഉച്ചരിച്ചതെന്ന് പോലീസുകാരന് മനസ്സിലാക്കിയത്രേ. തത്ത ആവര്‍ത്തിക്കുന്നത് ഉടമയുടെ അന്ത്യവാക്കുകളാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. ഇതിന് പുറമെ പ്രതികളെ കുരുക്കുന്ന മറ്റ് തെളിവുകളും പോലീസ് ഹാജരാക്കിയിട്ടുണ്ട്.