കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ പാരന്റിംഗ് ഇങ്ങനെയാകണം

0
263

രക്ഷാകര്‍ത്താക്കളാകുന്നത് ഒട്ടും എളുപ്പമുള്ള ജോലിയല്ല. ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം കുട്ടികള്‍ക്കായി മാറ്റിവെച്ചുള്ള രീതിയിലേക്ക്, വെല്ലുവിളി നിറഞ്ഞ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറും. മുന്‍പരിചയം ഇല്ലാത്ത ദൗത്യമായതിനാല്‍ ക്ഷമയോടെ, സമാധാനപൂര്‍ണ്ണമായി വേണം ഈ വെല്ലുവിളി നേരിടാന്‍.

കുട്ടികളെ പരീക്ഷ പാസാക്കലല്ല രക്ഷിതാക്കളുടെ പ്രധാന ജോലി. അതിവേഗം നീങ്ങുന്ന ജീവിതത്തില്‍ ഇതിലേറെ കാര്യങ്ങള്‍ നമുക്ക് കുട്ടികള്‍ക്ക് ചെയ്തുനല്‍കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് യുഗത്തില്‍ കുട്ടികളുടെ പെരുമാറ്റം സസൂക്ഷ്മം നിരീക്ഷിക്കുന്നതാണ് പ്രധാന കാര്യം. സാഹചര്യങ്ങളെ അവര്‍ നേരിടുന്ന രീതിയും ശ്രദ്ധിക്കണം, അവരുടെ താല്‍പര്യങ്ങളും നോക്കണം. പഠിച്ചെടുക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

ആരും പൂര്‍ണ്ണതയോടെ പിറക്കുന്നില്ല. അപ്പോള്‍ കുട്ടികള്‍ക്കും അത് വേണമെന്ന് വാശിപിടിക്കരുത്. നിങ്ങള്‍ക്ക് കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ തൃപ്തി തോന്നുന്നില്ലെങ്കിലും വിദഗ്ധരുടെ സഹായം തേടണം. കുട്ടികളുടെ കുറവുകള്‍ മനസ്സിലാക്കി മുന്നോട്ട് നീങ്ങണം. അവരുടെ വ്യക്തിത്വത്തിലെ പോസിറ്റീവ് മനസ്സിലാക്കി താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വഴികാണിക്കണം.

കുട്ടികള്‍ക്ക് മികച്ച ഉദാഹരണമാകാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി നല്‍കാനുള്ള തരത്തിലാകണം ശിക്ഷ. ഇത് അക്രമ മാര്‍ഗ്ഗത്തിലേക്ക് പോകണമെന്നില്ല. സ്‌നേഹത്തോടെയാകണം ശിക്ഷ. കാരണം കുട്ടികളെ ബോധിപ്പിക്കുകയും വേണം.

കുട്ടികള്‍ക്ക് ആവശ്യമായ സമയം മാറ്റിവെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഇതാണ് രക്ഷകര്‍ത്താക്കള്‍ സുപ്രധാനമായി ശ്രദ്ധിക്കേണ്ട വിഷയം. തിരക്കുള്ള ലോകത്ത് ഇത് മാറ്റങ്ങള്‍ സൃഷ്ടിക്കും. മറ്റുള്ളവരുമായി താരതമ്യത്തിന് ശ്രമിക്കാതെ അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.