അല്ല പിണറായി സാറെ, പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തിയാല്‍ എന്താ കുഴപ്പം? സര്‍ക്കാരിന്റെ നോട്ടം വോട്ടോ, ‘കൈ’നേട്ടമോ?

Vote or Note, What Palarivattom Flyover means for Pinarayi Government

0
274

സുപ്രീംകോടതിയില്‍ നിന്ന് പാലാരിവട്ടം മേല്‍പ്പാലം അപ്പാടെ പൊളിച്ചുകളയാനുള്ള ഇണ്ടാസുമായി മടങ്ങിയെത്തിയെങ്കിലും പിണറായി സര്‍ക്കാരിന് ഇപ്പോള്‍ വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു. റോഡിന് നടുവില്‍ ഒരു തടസ്സമായി കെട്ടിപ്പൊക്കി വെച്ചിരിക്കുന്ന മേല്‍പ്പാലം അഴിമതിയുടെ സ്മാരകമാണ്. എന്തായാലും പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പാലം എത്രയും വേഗം പൊളിച്ചുനീക്കാമെന്നാണ് ജസ്റ്റിസ് ആര്‍എഫ് നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചത്.

സംസ്ഥാന ഏജന്‍സിയായ കേരള ഇന്‍ഡസ്ട്രിയല്‍ & ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനെ (കിറ്റ്‌കോ) പോലും തള്ളിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദം ഉന്നയിച്ചത്. എന്തായാലും പാലം പൊളിക്കാന്‍ ഉത്തരവ് കിട്ടിയതോടെ പാലം അപ്പാടെ പൊളിക്കേണ്ടെന്നാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

മെട്രോമാന്‍ ശ്രീധരന്‍ സാറെ, രക്ഷിക്കണം!

ഇ. ശ്രീധരന്റെ ഉപദേശത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍. പാലം അപ്പാടെ പൊളിച്ചുനീക്കാതെ സ്പാനുകള്‍ മാത്രം പുനര്‍നിര്‍മ്മിച്ച് ബലപ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് മെട്രോമാന്‍ പാലാരിവട്ടം പാലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്ത് കൊണ്ടാണ് ഇ. ശ്രീധരന്റെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ‘എത്രയും പെട്ടെന്ന് മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും’, മുഖ്യന്‍ പറയുന്നു. ഇതിനൊപ്പം മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് എതിരായ വിജിലന്‍സ് അന്വേഷണവും ത്വരിതപ്പെടുത്തുമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. അന്വേഷണം അവസാനഘട്ടത്തിലാണ്, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.

ഇത് രണ്ടും ചേര്‍ത്ത് വായിക്കുമ്പോള്‍ ലക്ഷ്യം തെരഞ്ഞെടുപ്പും വോട്ടും തന്നെയാണെന്ന് ഏകദേശം ഉറപ്പാകും. മുഴുവനായി പൊളിച്ച് നീക്കി പുതിയത് നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും, ഭാഗികമായി കേടുപാട് തീര്‍ക്കാന്‍ മാസങ്ങള്‍ മാത്രം മതിയാകും.

42 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാലത്തിലെ ഗതാഗതം വെറും 3 വര്‍ഷം കൊണ്ട് അടച്ചിടേണ്ടി വന്നു. സുപ്രധാന ഭാഗങ്ങളില്‍ പൊട്ടല്‍ കണ്ടെത്തിയതോടെയാണ് അപകടസാധ്യത മുന്‍നിര്‍ത്തി ഈ ഗതി വന്നത്. മേല്‍പ്പാലം മുഴുവനായി പൊളിച്ചുനീക്കാതെ ഭാഗികമായി പണികള്‍ നടത്തി ആരോഗ്യം വീണ്ടെടുക്കാമെന്നാണ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. ഇതിന് വേണ്ടിവരുന്ന 18 കോടി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊളിക്കാന്‍ എളുപ്പം, പണിയാന്‍ അത്ര എളുപ്പമല്ല

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഫൗണ്ടേഷനും, പില്ലറുകള്‍ ശക്തമാണെന്ന് ശ്രീധരന്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നിലൊന്ന് സ്പാനുകളാണ് പുനര്‍നിര്‍മ്മിക്കേണ്ടത്. പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ പണമോ, സമയമോ ഇതിന് ആവശ്യമായി വരികയുമില്ല.

നിലവിലെ ടെന്‍ഡര്‍ പ്രകാരം ഭാരപരിശോധനയില്‍ പരാജയപ്പെട്ടാല്‍ നിര്‍മ്മാണ കമ്പനി പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ പണം നല്‍കേണ്ടി വരും. ഇതിന് തയ്യാറാണെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ഇത് വേണ്ടെന്ന നിലപാടുമായാണ് കോടതിയെ സമീപിച്ചത്. പൊളിക്കാന്‍ വിധി നേടിയപ്പോഴാകട്ടെ എന്നാല്‍ തല്‍ക്കാലം പൊളിക്കേണ്ടെന്ന നിലപാടിലേക്കും നീങ്ങി. ഈ വേഗതയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാലം പുനരുദ്ധാരണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത് വോട്ട് നേട്ടം കൊയ്യുകയാകും പിണറായി സര്‍ക്കാരിന്റെ മനസ്സിലിരുപ്പ്. അതിനായി പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതില്‍ ആര്‍ക്കെന്ത് ചേതം!