അയല്‍ക്കാരായ പാകിസ്ഥാന് ഇന്ത്യയെ ഏതെങ്കിലും കാര്യങ്ങളില്‍ പിന്തുണയ്ക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്മായമ്മയ്ക്ക് മരുമകളോട് അസൂയ എന്ന പോലെയാണ് പാക് നിലപാടുകളും, പ്രസ്താവനകളും വരാറുള്ളത്. ഇന്ത്യയുടെ ആദ്യ റഫാല്‍ യുദ്ധവിമാനത്തിന് ആയുധ പൂജ നടത്തിയതില്‍ പ്രതിപക്ഷവും, നെറ്റ് ലോകവും വിമര്‍ശനങ്ങളുമായി പടവെട്ടുമ്പോഴാണ് അപ്രതീക്ഷിതമായി രാജ്നാഥ് സിംഗിന് ഒരു പിന്തുണ അയല്പക്കത്ത് നിന്നും ലഭിക്കുന്നത്.
റഫാലിന് ആയുധ പൂജ നടത്തിയതില്‍ യാതൊരു തെറ്റുമില്ലെന്നാണ് പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അഭിപ്രായപ്പെട്ടത്. ‘റഫാല്‍ പൂജയില്‍ തെറ്റില്ല, അത് മതവുമായി ചേര്‍ന്നുള്ള കാര്യമാണ്, അതിനെ ബഹുമാനിക്കണം. ഒരു കാര്യം ഓര്ക്കമം, മെഷീനില്‍ മാത്രമല്ല കാര്യം അതിനെ നിയന്ത്രിക്കുന്ന ആളുകളുടെ മത്സരക്ഷമതയും, ആത്മാര്‍ത്ഥതയും, നിശ്ചയദാര്‍ഢ്യവും പ്രധാനമാണ്. പിഎഎഫ് ഷഹീനില്‍ അഭിമാനം’, ഗഫൂര്‍ ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയത് ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സമയത്താണ് പാക് സൈനിക വക്താവിന്റെ ഈ പിന്തുണയെന്നത് ശ്രദ്ധേയമാണ്. ഒക്ടോബര്‍ 8-ന് ഫ്രഞ്ച് തീരനഗരമായ ബോര്‍ഡോക്സില്‍ ആദ്യ യുദ്ധവിമാനം സ്വീകരിക്കവെയാണ് സിംഗ് ആയുധ പൂജ നടത്തിയത്.
ബൊഫോഴ്സ് ഉള്‍പ്പെടെ യുദ്ധസാമഗ്രികള്‍ കോണ്‍ഗ്രസ് ഭരണകാലത്ത് വാങ്ങിയപ്പോള്‍ ഇത്തരം തമാശകള്‍ ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചിരുന്നു.