ആര്‍ത്തവം വേദന പിടിച്ച ഒരു പരിപാടി തന്നെയാണ്. ഇതിന്റെ തോത് ചിലരില്‍ കുറഞ്ഞും, മറ്റ് ചിലരില്‍ കൂടിയും ഇരിക്കും. അതുകൊണ്ട് തന്നെയാണ് ആര്‍ത്തവകാലം പലര്‍ക്കും ടെന്‍ഷന്‍ പിടിച്ച കാലമായി മാറുന്നത്. ആദ്യത്തെ 2, 3 ദിവസങ്ങളിലെ അസഹനീയമായ വേദന കൊണ്ട് പലപ്പോഴും ആണായി ജനിച്ചാല്‍ മതിയായിരുന്നുവെന്ന തോന്നലും പെണ്‍കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്.
ആര്‍ത്തവത്തിന്റെ ആദ്യ ദിനങ്ങള്‍ ഇത്രയേറെ അസ്വസ്ഥതയും, വേദനയും കൂടാന്‍ പല കാരണങ്ങളുമുണ്ട്. വളരെ വേദനാജനകമായ ആര്‍ത്തവത്തെ ഡിസ്മെനോറിയ എന്നാണ് വിളിക്കുന്നത്. വയറിന്റെ ഭാഗത്തുള്ള വേദനയ്ക്ക് കാരണവും ഇത് തന്നെ. ഹോര്‍മോണുകളായ പ്രൊസ്റ്റാഗ്ലാന്ഡിന് ഈ ഘട്ടത്തിലാണ് പുറത്തുവരുന്നത്. ഗര്‍ഭാശയ പേശികളുടെ സങ്കോചത്തിനാണ് ഇവ തുടക്കം കുറിയ്ക്കുക.
ഈ പേശീ സങ്കോചം വര്‍ദ്ധിച്ച അളവില്‍ നടക്കുമ്പോഴാണ് ഗര്‍ഭാശയത്തിലുള്ള രക്തക്കട്ടകള്‍ പുറംതള്ളുകയും ചെയ്യും. ഇതൊക്കെയാണ് വേദനയ്ക്ക് കാരണമാകുന്നതും. എന്നാല്‍ താങ്ങാന്‍ കഴിയാത്ത വേദന ഫൈബ്രോയ്ഡ്, എന്‍ഡോമെട്രിയോസിസ് എന്നിവ മൂലമാകാം. ആര്‍ത്തവ വേദനയില്‍ നിന്നും ചെറിയ ആശ്വാസത്തിന് ഭക്ഷണക്രമം ശ്രദ്ധിക്കണം. കഫീന്‍ പൂര്‍ണ്ണമായി ഒഴിവാക്കി, ശ്വസന വ്യായാമങ്ങള്‍ ചെയ്യാം.
ഹോട്ട് ബാഗുകള്‍ വെയ്ക്കുന്നതും വേദനയ്ക്ക് ചെറിയ ആശ്വാസം നല്‍കും. ആര്‍ത്തവവും വേദനയും കെട്ടുകൂടി കിടക്കുന്നതിനാല്‍ ഇത് പൂര്‍ണ്ണമായി ഇല്ലാതാക്കുക അസാധ്യവുമാണ്. എന്നിരുന്നാലും വേദന അസഹനീയമാകുന്ന സാഹചര്യം വന്നാല്‍ ഒരു ഡോക്ടറുടെ സഹായം തേടണം.