ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് അഥവാ എല്‍പിജി സിലിണ്ടറുകള്‍ വീട്ടിലെത്തിക്കുമ്പോള്‍ ഇനി മുതല്‍ ഒടിപി (വണ്‍ ടൈം പാസ്വേഡ്) നിര്‍ബന്ധം. അടുത്ത മാസം ഒന്നാം തീയതി മുതലാണ് ഒടിപി നിര്‍ബന്ധമാക്കിയിരിക്കുന്നത്. പാചകവാതകം വീട്ടുപടിക്കല്‍ എത്തുമ്പോള്‍ ഈ ഒടിപി കൈമാറിയാലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക.
എണ്ണ കമ്പനികള്‍ നടപ്പാക്കുന്ന ഡെലിവെറി ഒതെന്റിക്കേഷന് കോഡ് (ഡിഎസി) മൂലമാണ് ഈ മാറ്റം. സിലിണ്ടറുകള്‍ മോഷണം പോകുന്നത് തടയാനും, യഥാര്‍ത്ഥ ഉപഭോക്താവിലേക്ക് സിലിണ്ടര്‍ എത്തിച്ചേരാനുമാണ് ഈ നടപടി.
നിലവില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് നൂറ് സ്മാര്‍ട്ട് നഗരങ്ങളിലേക്ക് വിപുലപ്പെടുത്താനാണ് നീക്കം. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഈ കോഡ് എത്തും. സിലിണ്ടര്‍ ഡെലിവെറി ചെയ്യുമ്പോള്‍ ഈ കോഡ് കാണിക്കുകയാണ് വേണ്ടത്.
വ്യവസായ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകള്‍ക്ക് ഈ രീതി ആവശ്യമായി വരില്ല.