പോലീസ് കഥകള്‍ നമുക്ക് ഏറെയിഷ്ടമാണ്. കുറ്റാന്വേഷണങ്ങള്‍, പ്രതിയെ തേടല്‍, ഒടുവില്‍ ക്ലൈമാക്സ്, അങ്ങിനെ പോകുന്നു അതിന്റെ രസച്ചരട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയാകുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ടാണ് ‘ഓപ്പറേഷന് ജാവ’ ട്രെയിലര്‍ നമുക്ക് മുന്നിലെത്തിയത്.
മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ട്രെയിലര്‍ യുട്യൂബില്‍ ഇതിനകം നം.1 ട്രെന്‍ഡിംഗ് സ്ഥാനം നേടിക്കഴിഞ്ഞു. കേരള പോലീസിന്റെ യഥാര്‍ത്ഥ അന്വേഷണങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം പിറക്കുന്നതെന്ന് ട്രെയിലര്‍ സൂചന നല്കുന്നു.
‘കേരള പോലീസ് എന്നാ സുമ്മാവാ’ എന്ന ഡയലോഗ് ഇതിനകം ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു. ഒന്നര വര്‍ഷത്തോളം നീളുന്ന കേസ് അന്വേഷണങ്ങളും യാത്രയുമാണ് ഓപ്പറേഷന് ജാവ കാത്തുവെയ്ക്കുന്നത്. പ്രേക്ഷകനെ അതിനൊപ്പം സഞ്ചരിപ്പിക്കാന്‍ പോന്ന ചേരുവകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നുവെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
തരുണ്‍ മൂര്‍ത്തിയുടെ പ്രഥമ സംവിധാന സംരംഭമായ ഓപ്പറേഷന് ജാവ ലോക്ക്ഡൗണ്‍ മൂലം വൈകിയാണ് റിലീസിന് എത്തുന്നത്. വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ, ലുക്മാന്, ബിനു പപ്പു തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം ഫെബ്രുവരി 12ന് തീയേറ്ററിലെത്തും.