ഞാന്‍ മധുവാണ്. ഒരു വര്‍ഷം മുന്‍പ് നിങ്ങള്‍ക്ക് ഏറെ കണ്ണീരൊഴുക്കാനും, രോഷം കൊള്ളാനുമൊക്കെ അവസരം തന്ന ആദിവാസി വിഭാഗക്കാരനായ അട്ടപ്പാടിക്കാരന്‍ മധു. വിശന്നപ്പോള്‍ കുറച്ച് ഭക്ഷണം എടുത്തതിന് കുറച്ച് പേര് തല്ലിച്ചതച്ച് അതിന്റെ സെല്‍ഫി എടുക്കുകയും പോലീസിന് കൈമാറുകയും വഴിയരികില്‍ മരിച്ച് വീഴുകയും ചെയ്ത അതേ മധു. നിങ്ങള്‍ക്കെന്നെ ഓര്‍മ്മയില്ലേ!
മോഷ്ടിച്ചു എന്ന പേരിലാണ് 30-ാം വയസ്സില്‍ എന്നെ ചിലര്‍ തല്ലിക്കൊന്നത്. ഈ സംഭവത്തിന്റെ ചിത്രങ്ങളും, ദൃശ്യങ്ങളും പുറത്തുവന്നപ്പോള്‍ നിങ്ങളില്‍ ഒരുപാട് പേര് അതില്‍ രോഷം കൊള്ളുകയും, സമൂഹത്തിന് വേണ്ടി മാപ്പ് പറയുകയും ചെയ്തിരുന്നു. ലുങ്കി ഉപയോഗിച്ച് കൈകെട്ടി കീറിപ്പറിഞ്ഞ ഷര്‍ട്ട് ധരിച്ച നിന്ന എന്നെ നിങ്ങള്‍ മറന്നോ?
എന്നെ ഭേദ്യം ചെയ്യുമ്പോഴും കൂട്ടത്തിലൊരാള്‍ സെല്‍ഫി എടുക്കാനും അത് പോസ്റ്റ് ചെയ്യാനും മറന്നിരുന്നില്ല. എന്നെ തല്ലിയ നാട്ടിലെ പ്രമാണികളെയല്ല വിശന്നതിന് മോഷ്ടിച്ച പേരില്‍ എന്നെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന് ധൃതി ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ചോര ശര്‍ദ്ദിച്ച് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് എന്റെ ജീവനും പോയിരുന്നു. എത്ര മാത്രം മര്‍ദ്ദനം ഞാന്‍ ഏറ്റുവാങ്ങിയാലാണ് അത്ര പെട്ടെന്ന് മരിക്കുകയെന്ന കാര്യം നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?
അരി മോഷ്ടിച്ചതിന് എനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു കേരള പോലീസ്. എന്നെ തല്ലിക്കൊന്നതിന്റെ കേസ് ഏതുവരെ ആയെന്ന് ആരെങ്കിലും ഒന്ന് അന്വേഷിക്കണം. ഞാന്‍ ഒരു ആദിവാസി ആയിപ്പോയത് കൊണ്ട് എന്നെ തല്ലിക്കൊല്ലുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നുണ്ടോ? വാര്‍ത്തകളുടെ പ്രളയത്തിനിടയില്‍ ഞാന്‍ ഒരു വാര്‍ത്ത പോയിട്ട് ഒരു ഓര്‍മ്മ പോലും അല്ലാതായെന്ന് അറിയാം. എങ്കിലും എന്റെ കൂട്ടരുടെ കൂരകളില്‍ അടുപ്പ് പുകയുന്നുണ്ടോയെന്ന് നിങ്ങളൊന്ന് അന്വേഷിക്കണം, വിശക്കുമ്പോള്‍ അവര്‍ മോഷ്ടിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും. എന്നെ പോലെ അടിയേറ്റ് മരിക്കാതിരിക്കാനും.
എങ്കിലും ചോദിക്കട്ടെ സുഹൃത്തുക്കളെ, നിങ്ങളെന്നെ മറന്നോ?