കുപ്പയില്‍ മാലിന്യം പെറുക്കി നടന്ന ചെറുക്കനില്‍ നിന്നും ഫ്രഞ്ച് കുപ്പായത്തിലേക്ക്; അത്ഭുതമാണ് കാണ്ടെയുടെ കഥ

The life story of N'Golo Kante is just amazing!

0
342

മാലിന്യം പെറുക്കി നടക്കുന്ന ഒരു ചെറുക്കന്‍. അവന്‍ ആ തെരുവില്‍ അലഞ്ഞ് ആ തെരുവില്‍ തന്നെ അവസാനിക്കും. ഇതാണ് പൊതുവെയുള്ള ജീവിതകഥ. സിനിമയിലാണെങ്കില്‍ അപ്രതീക്ഷിതവും, നാടകീയവുമായ സംഭവങ്ങള്‍ അരങ്ങേറുകയും ഒരു സുപ്രഭാതത്തില്‍ കോടീശ്വരനായി മാറുകയും, തെരുവ് വാഴുന്ന ഡോണായി മാറുകയുമൊക്കെ ചെയ്യും. അത് സിനിമയാണ് എന്തും ചിന്തിക്കാം, പക്ഷെ ജീവിതത്തില്‍ ഇതൊക്കെ സംഭവിക്കുമോ?

തെരുവില്‍ മാലിന്യം പെറുക്കി നടന്ന് ജീവിച്ച ഒരു ബാലന്‍ ഇന്ന് ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരമാണ്. ഫുട്‌ബോള്‍ ആരാധകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ പെറുക്കിവിറ്റ് കുടുംബത്തെ സംരക്ഷിച്ച ആ ചെറുക്കനെ ഫുട്‌ബോള്‍ തന്നെ കൈപിടിച്ച് ഉയര്‍ത്തി. പകരമായി തന്നെ സ്വീകരിച്ച രാജ്യത്തിന് ഒരു ഫുട്‌ബോള്‍ ലോകകപ്പ് തന്നെ നേടിക്കൊടുത്തു അവന്‍.

എന്‍’ഗോളോ കാണ്ടെ എന്ന ഫ്രഞ്ച് ഫുട്‌ബോള്‍ താരത്തിന്റെ ജീവിതമാണ് സിനിമാകഥകളെ തോല്‍പ്പിക്കുന്ന നാടകീയതകള്‍ നിറച്ചുവെച്ച് നമുക്ക് മുന്നിലുള്ളത്. മാലിയില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്ക് 1991-ല്‍ പിറന്ന കാണ്ടെയുടെ 11-ാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. ഇതോടെയാണ് കുടുംബത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാനായി ആ പയ്യന്‍ മാലിന്യം പെറുക്കാന്‍ തുടങ്ങിയത്.

പാരിസിന്റെ കിഴക്കന്‍ ചക്രവാളം നോക്കി കാണ്ടെ നടന്നത് അവിടുത്തെ ഭംഗി ആസ്വദിക്കാനായിരുന്നില്ല. മറിച്ച് മാലിന്യം പെറുക്കി റീസൈക്ലിംഗ് കമ്പനിക്ക് വിറ്റ് കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. 1998 ലോകകപ്പ് കാണ്ടെയുടെ ജീവിതം മാറ്റിമറിച്ചു. ലോകകപ്പ് കാണാനെത്തിയ ടൂറിസ്റ്റുകള്‍ ഉപേക്ഷിച്ച മാലിന്യമായിരുന്നു അതില്‍ ഒരു കാര്യം.

ഇതിന് പുറമെ ബാറിലും, കഫെകള്‍ക്ക് മുന്നിലും വെച്ച് ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടുതുടങ്ങിയ എട്ട് വയസ്സുകാരന്‍ ഫുട്‌ബോളിനെ പ്രണയിച്ച് തുടങ്ങി. പാരിസില്‍ തന്നെയുള്ള ഒരു അക്കാഡമിയില്‍ കളിപഠിക്കാന്‍ ചേര്‍ന്ന കാണ്ടെ നാല് വര്‍ഷത്തിന് ശേഷം അവിടെയെത്തുന്ന കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങി.

ലോക്കല്‍ ക്ലബില്‍ കളി തുടങ്ങിയ കാണ്ടെ പ്രൊഫഷണല്‍ ക്ലബിലെത്തുന്നത് 2012ല്‍ ബൗളോംഗില്‍ ചേര്‍ന്നതോടെയാണ്. ഇവിടെ നിന്ന് കായെന്‍ ക്ലബിലേക്കും, പിന്നീട് 2015-ല്‍ ഇംഗ്ലീഷ് ടീമായ ലെസ്റ്റര്‍ സിറ്റിയിലേക്കും കാണ്ടെ എത്തി. ഇവിടെ വെച്ചാണ് താരത്തിന്റെ കരിയര്‍ കുതിച്ചുയരുന്നത്.

മധ്യനിരയില്‍ ലെസ്റ്ററിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിന് പ്രീമിയര്‍ ലീഗ് കിരീടവും, പ്രീമിയര്‍ ലീഗ് ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും കാണ്ടെയെ തേടിയെത്തി. ഈ സമയത്ത് തന്നെ ദേശീയ ഫ്രഞ്ച് ടീമിലേക്കും കാണ്ടെയ്ക്ക് വിളി വന്നു. 2016-ല്‍ ക്ലബ് മാറിയ കാണ്ടെ വന്‍ ശമ്പളത്തില്‍ ചെല്‍സിയിലെത്തി.

2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് റണ്ണര്‍ അപ്പായ ഫ്രഞ്ച് ടീമില്‍ കാണ്ടെ അംഗമായിരുന്നു. 2017ല്‍ മികച്ച ഫ്രഞ്ച് താരത്തിനുള്ള അവാര്‍ഡും കാണ്ടെയ്ക്ക് ലഭിച്ചു. 12 മാസത്തിന് ഇപ്പുറം 2018 ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് കുപ്പായത്തില്‍ ഇറങ്ങുമ്പോള്‍ കാണ്ടെ കുറിച്ചത് ചരിത്രമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുപ്പയില്‍ മാലിന്യം പെറുക്കി നടക്കവെ ടെലിവിഷനില്‍ ഫുട്‌ബോള്‍ കണ്ട ആ ചെറുക്കന്‍ ഫ്രഞ്ച് കുപ്പായത്തില്‍ അന്ന് രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങി.

ഏത് വലിയ നേട്ടം കൊയ്താലും, ടീം കിരീടം ചൂടിയാലും പരിധി വിട്ട് ആഘോഷങ്ങള്‍ക്ക് നില്‍ക്കാനോ, അതിസമ്പന്നത പ്രദര്‍ശിപ്പിക്കാനോ കാണ്ടെ തയ്യാറല്ല. കുപ്പയിലെ മാണിക്യത്തില്‍ അറിയാം തന്റെ മഹത്വം എന്താണെന്ന്!