ചടപടാന്ന് ഒരു വര്‍ഷം തീര്‍ന്നു, ഹോ. ഇതും പറഞ്ഞ് പലരും ഇപ്പോള്‍ ദീര്‍ഘനിശ്വാസം വിടുന്നുണ്ടാകും. ഇനി ക്രിസ്മസ് ആഘോഷം കൂടി കഴിഞ്ഞാല്‍ പിന്നെ ഒരു പോക്കാണ് പുതുവര്‍ഷത്തിലേക്ക്. ജനുവരി 1 ആകുമ്പോഴേ ആ വേഗത ഒന്ന് കുറയൂ. ഓരോ വര്‍ഷം തീരുമ്പോഴും, ഓരോ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഈ ചിന്തകളൊക്കെ തന്നെയാണ് എല്ലാവരുടെയും മനസ്സില്‍.
പുതുവര്‍ഷ പ്രതിജ്ഞകള്‍
ഹാ, എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. ഓരോ സ്ഥലങ്ങളില്‍ യാത്ര പോകുന്നു, പുസ്തകം വായിച്ച് തീര്‍ക്കുന്നു, ആര്‍ത്തിയോടെയുള്ള ഭക്ഷണം കഴിക്കല്‍ നിര്‍ത്തുന്നു, മദ്യപാനം, പുകവലി എന്നിവ ഇന്നത്തേക്ക് ലാസ്റ്റ് എന്ന് പറഞ്ഞ് പോയതൊക്കെ ഓര്‍മ്മയുണ്ടോ. 2019 അവസാനത്തില്‍ എത്തുമ്പോഴും എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്?
2020 സൂപ്പറായിരിക്കും
ഈ വര്‍ഷത്തോടെ പ്രശ്നങ്ങളൊക്കെ ഒന്ന് അവസാനിച്ചാല്‍ മതി. 2020 സൂപ്പര്‍ ആയിരിക്കും. ആദ്യം ഭാവി എങ്ങിനെ ഉണ്ടെന്ന് നോക്കാം. നക്ഷത്രം നോക്കി പുതുവര്‍ഷ രാശിഫലങ്ങള്‍ എഴുതിയ പേജുകള്‍ക്ക് പിന്നാലെ എത്ര വിശ്വാസം ഇല്ലെന്ന് പറയുന്നവും ഒന്ന് നോക്കും. ‘പിന്നെ ഇതൊക്കെ നടന്ന് കണ്ടാല്‍ മതി, എല്ലാ വര്‍ഷവും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എഴുതുന്നതല്ലേ’, എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും ഉള്ളില്‍ ഒരു പ്രതീക്ഷ ബാക്കിയുണ്ടാകും.
ഇനി എന്ന് നന്നാകാന്‍?
നീ ഇതുവരെ നന്നായില്ലേയെന്ന് നാട്ടുകാരും വീട്ടുകാരും ചോദിക്കുമ്പോള്‍ ഈ വര്‍ഷമെങ്കിലും ഗതി പിടിച്ചാല്‍ മതിയെന്നാകും മനസ്സില്‍. പുതുവര്‍ഷം വരുമ്പോള്‍ അങ്ങിനെയൊരു പ്രതീക്ഷ പതിയെ തലയുയര്‍ത്തും. ആ പ്രതീക്ഷയ്ക്ക് ഒത്ത് പ്രവര്‍ത്തിച്ചാല്‍ വര്‍ഷം അവസാനിക്കുമ്പോള്‍ നാട്ടുകാരെ കൊണ്ട് ‘നന്നായെന്ന്’ പറയിക്കാം.