തമിഴ്‌റോക്കേഴ്‌സില്‍ മലയാള സിനിമയ്ക്ക് വ്യാജകാലം; പുത്തന്‍ ചിത്രങ്ങളെല്ലാം പുറത്ത്; പ്രതിരോധിച്ച് പൃഥ്വിയുടെ 9

0
301

തമിഴ്‌റോക്കേഴ്‌സ് സിനിമാ വ്യവസായത്തിന് മേല്‍ ദൃഷ്ടി പതിപ്പിച്ചിട്ട് കാലം കുറച്ചായി. എന്നാല്‍ മലയാള സിനിമയെ ഇത് കാര്യമായി ബാധിച്ചിരുന്നില്ലെന്ന ആശ്വാസത്തിലായിരുന്നു ഇവിടുത്തെ സിനിമാക്കാര്‍. ഇത് വഴിമാറി മലയാള സിനിമയിലേക്ക് കൂടി എത്തിയതോടെ ആശങ്കകള്‍ ഉയരുകയാണ്. അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളുടെയെല്ലാം വ്യാജന്‍ ഒരുമിച്ച് തമിഴ്‌റോക്കേഴ്‌സ് പുറത്തുവിട്ടതാണ് ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്.

തീയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അള്ള് രാമേന്ദ്രന്‍, മമ്മൂട്ടി ചിത്രമായ യാത്ര, പൃഥ്വിരാജ് ചിത്രം 9 എന്നിവയ്ക്ക് പുറമെ വാലന്റൈന്‍ ദിനത്തില്‍ എത്തിയ ഒരു അഡാര്‍ ലൗ വരെയുള്ള ചിത്രങ്ങളാണ് തുടര്‍ച്ചയായി തമിഴ്‌റോക്കേഴ്‌സ് പുറത്തുവിട്ടത്.

ഈ ചിത്രങ്ങളുടെ വ്യാജന്‍ പുറത്തെത്തിയെങ്കിലും പൃഥ്വി ചിത്രമായ 9ന്റെ അണിയറക്കാര്‍ ഇതില്‍ ഫലപ്രദമായി ഇടപെട്ടെന്നാണ് കരുതുന്നത്. ഈ ചിത്രത്തിന്റെ ലിങ്കുകള്‍ സൈറ്റില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. നിയമത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ്‌റോക്കേഴ്‌സ് വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നത് സിനിമാ മേഖലയിലുണ്ടാക്കുന്ന ആശങ്ക ചെറുതല്ല.