ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ആ 1000 രൂപ നോട്ട് വ്യാജന്‍; ആര്‍ബിഐ ഇറക്കുന്ന നോട്ട് ഇതല്ല

0
349

സര്‍ക്കാര്‍ പുതിയ ആയിരം രൂപ നോട്ടുകള്‍ ഇറക്കുന്നുണ്ടോ? 2016-ലെ നോട്ട് നിരോധനത്തില്‍ പുറത്തായ 1000 രൂപ നോട്ടിന് പകരം 2000 രൂപ നോട്ടുകളാണ് ആര്‍ബിഐ പുറത്തിറക്കിയത്. ഇതിനിടെയാണ് 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ്വ് ബാങ്ക് നിര്‍ത്തിയതായി വാര്‍ത്ത എത്തിയത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയക്കാര്‍ പുതിയ 1000 രൂപ നോട്ടെന്ന പേരില്‍ പ്രചരണം ആരംഭിച്ചത്.

മഹാത്മാഗാന്ധിയുടെ ചിത്രവും, ആര്‍ബിഐ ഒപ്പുംവെച്ച ആയിരം രൂപ നോട്ടിന്റെ ചിത്രം കിട്ടിയവര്‍ സന്തോഷം കൊണ്ട് ഇതെല്ലാം ഫോര്‍വേര്‍ഡ് ചെയ്ത് വാര്‍ത്ത കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചു. എന്നാല്‍ നിലവില്‍ പ്രചരിക്കുന്ന ഈ 1000 രൂപ നോട്ട് ഏതോ കലാകാരന്റെ സൃഷ്ടി മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രൂപ (Rupee) എന്ന് എഴുതിയതില്‍ പോലും അക്ഷരത്തെറ്റ് കടന്നുകൂടിയത് പ്രചരിപ്പിച്ചവര്‍ ആരും ശ്രദ്ധിച്ചില്ല. ഇതുകൂടാതെ ഈ വ്യാജ 1000 നോട്ടില്‍ ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പിന് പകരം മഹാത്മാ ഗാന്ധിയുടെ ഒപ്പാണ് അജ്ഞാത കലാകാരന്‍ ചാര്‍ത്തി നല്‍കിയത്.

1000 രൂപ നോട്ട് ഇറക്കുന്ന കാര്യത്തില്‍ ആര്‍ബിഐ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇങ്ങനെ എന്തെങ്കിലും ചിന്തിച്ചാല്‍ വിവരം വെബ്‌സൈറ്റില്‍ നല്‍കുമെന്ന് ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കി.