415 കോടി അടിച്ചുമാറ്റിയിട്ടും അമേരിക്ക വെറുതെവിട്ട ഇന്ത്യക്കാരന്‍; ‘ഈ തല’ വെയില് കൊള്ളിക്കല്ലേ

Incredible story of the Navinder Sarao

0
357

നവീന്ദര്‍ സരാവോ, വയസ്സ് 41. വെസ്റ്റ് ലണ്ടനിലെ വീട്ടില്‍ അമ്മയ്ക്കും, അച്ഛനും ഒപ്പമാണ് നവീന്ദറിന്റെ താമസം. മുറിയില്‍ നിറയെ കളിപ്പാട്ടങ്ങളും, ഫുട്‌ബോളും, വീഡിയോ ഗെയിമുകളും, ഒപ്പം തന്റെ പ്രിയപ്പെട്ട ലയണല്‍ മെസിയുടെ ചിത്രവും. പക്ഷെ ഈ മുറിയില്‍ ഇരുന്ന് ഈ ഇന്ത്യന്‍ വംശജന്‍ കളിച്ച കളിയില്‍ സാക്ഷാല്‍ അമേരിക്കയാണ് ഞെട്ടിവിറച്ചത്.

മേശപ്പുറത്ത് ഗെയിം കളിക്കാന്‍ വെച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നവീന്ദര്‍ സരാവോ നടത്തിയ കളിയില്‍ അമേരിക്കന്‍ വിപണിയായ വാള്‍ സ്ട്രീറ്റില്‍ നിന്നും വാരിക്കൂട്ടിയത് ഒന്നും, രണ്ടും കോടിയല്ല, 45 മില്ല്യണ്‍ പൗണ്ടാണ്, ഏകദേശം 415 കോടി രൂപ. സരാവോയ്ക്ക് അതും ഒരു കളിമാത്രമായിരുന്നു. സിഖുകാരായ രക്ഷിതാക്കള്‍ക്ക് പിറന്ന മൂന്നാമത്തെ മകന് കടുത്ത ഓട്ടിസം ബാധിച്ചിരുന്നതാണ് ഒരുപാട് വൈകി മാത്രമാണ് കണ്ടെത്തിയത്.

ഒരേ സമയം കഴിവും, വികലാംഗത്വവുമാണ് സരാവോയുടെ ഓട്ടിസമെന്ന് ഒരു സൈക്കോളജിസ്റ്റ് അഭിപ്രായപ്പെടുന്നു. ഇതിന് കാരണം മറ്റൊന്നുമല്ല മൂന്നാം വയസ്സില്‍ ടേബിളുകള്‍ പഠിച്ച സരാവോ സ്‌കൂളില്‍ കണക്കില്‍ പുലിയായിരുന്നു. ബ്രുണെല്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സാണ് പഠിച്ചത്. ഏറ്റവും ദുര്‍ഘടമേറിയ കണക്കും സിംപിളായി പരിഹരിക്കാന്‍ സാധിക്കുമെന്നതാണ് സരാവോയുടെ ആ കഴിവ്.

വിപണിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള മാറിമറിയുന്ന പാറ്റേണുകള്‍ സരാവോയ്ക്ക് വെറും മനഃക്കണക്കായിരുന്നു. ഇതോടെ വിപണിയിലെ കളിയില്‍ ഹരം കണ്ടെത്തിയ ഈ 41കാരന്‍ ആദ്യം നിയമാനുസൃതമായും, പിന്നീട് നിയമം തെറ്റിച്ചും കളി നടത്തി. 2010ല്‍ യുഎസ് വിപണിയില്‍ താല്‍ക്കാലികമായി ട്രില്ല്യണ്‍ ഡോളറുകള്‍ പിന്‍വലിച്ച് വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചത് സരാവോയെന്ന് കണ്ടെത്തുന്നത് വരെ ആ സത്യം മറഞ്ഞിരുന്നു.

2015ല്‍ അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് നാടുകടത്തിയ സരാവോ 2016ല്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ പിന്നീട് സംഭവിച്ചത് അതിലേറെ നാടകീയമായി. ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യം ചെയ്തിട്ടും സരാവോയെ അമേരിക്ക ശിക്ഷിച്ചില്ല, പകരം യുഎസ് അധികൃതരെ നാല് വര്‍ഷത്തോളം ഇത്തരം തട്ടിപ്പുകാരെ കണ്ടെത്താന്‍ സഹായിക്കുകയാണ് ചെയ്തത്. ഇതോടെയാണ് പ്രോസിക്യൂട്ടര്‍മാര്‍ സരാവോയുടെ ശിക്ഷ ഒഴിവാക്കി വിട്ടയയ്ക്കാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചത്.

അമേരിക്കന്‍ വിപണിയുടെ ഹൃദയം തകര്‍ത്ത സരാവോ ഇപ്പോള്‍ വീണ്ടും ലണ്ടനിലെ ആ മുറിയില്‍ തിരിച്ചെത്തിയിരിക്കുന്നു. തന്റെ പഴയ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോള്‍ വീണ്ടുമൊരു കളി ആ ‘ബുദ്ധിരാക്ഷസന്‍’ നടത്തില്ലെന്ന് പ്രതീക്ഷിക്കാം.