പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എന്താണ് അഭിപ്രായം? അഭിനേതാവ് നസിറുദ്ദീന്‍ ഷായോടാണ് പ്രമുഖ മാധ്യമപ്രവര്ത്തകന് രജ്ദീപ് സര്‍ദേശായി ഈ ചോദ്യം ഉന്നയിച്ചത്. ഇതൊരു ബുദ്ധിമുട്ടേറിയ ചോദ്യമാണെന്നാണ് ഷാ നല്കിയ മറുപടി.
എന്നാല്‍ രാജ്യത്ത് കുട്ടികള്‍ പോലും സുരക്ഷിതരല്ലെന്ന ആശങ്കയുണ്ടെന്ന് പ്രഖ്യാപിച്ച് വിവാദങ്ങളില്‍ ഇടംനേടിയ നസിറുദ്ദീന്‍ ഷായ്ക്ക് മോദിയെക്കുറിച്ച് പറയാനുള്ളത് ഇതായിരുന്നു- ‘2014-ല്‍ അദ്ദേഹം അധികാരത്തിലേറുമ്പോള്‍ ഏറെ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഈ വിശ്വാസത്തിന്റെ അടിത്തറ ഇളകിയെന്നൊന്നും ഞാന്‍ പറയില്ല. ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ്’, ഷാ വ്യക്തമാക്കി.
അതേസമയം താന്‍ നേരത്തെ നടത്തിയ പ്രസ്താവനകളില്‍ നിന്നും പിന്നോട്ടില്ലെന്ന് 68-കാരനായ അഭിനേതാവ് തുറന്നുപറഞ്ഞു. അതില്‍ യാതൊരു കുറ്റബോധവുമില്ല. ഇത് പിന്‍വലിക്കാനും തയ്യാറല്ല, ഷാ തറപ്പിച്ച് പറഞ്ഞു. തന്റെ കുട്ടികളെക്കുറിച്ച് ആശങ്കയുണ്ടെന്നായിരുന്നു അഭിനേതാവ് നേരത്തെ വ്യക്തമാക്കിയത്.
രോഷാകുലരായ ആള്‍ക്കൂട്ടം അവരെ വളഞ്ഞ് നിങ്ങള്‍ ഹിന്ദുവോ, മുസ്ലീമോ എന്ന് ചോദിച്ചാല്‍ തന്റെ കുട്ടികള്‍ക്ക് മറുപടി കാണില്ല. അവര്‍ക്ക് മതപരമായ വിദ്യാഭ്യാസം നല്‍കിയിട്ടില്ല, അതുകൊണ്ട് മതവുമില്ല. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഭയമില്ല, രോഷം ഉണ്ട് താനും, നസിറുദ്ദീന്‍ ഷാ വ്യക്തമാക്കി.