ഒരു ടോയ്ലറ്റ് ഉണ്ടാക്കാന്‍ ഇത്രയും പാടുപെടണോ, ഏതെങ്കിലും നല്ല ബ്രാന്‍ഡ് നോക്കി വാങ്ങിയാല്‍ പോരെ! സംഗതി ഈ നിസ്സാരമായ ഭൂമിയില്‍ ഉപയോഗിക്കാനല്ല, അങ്ങ് ബഹിരാകാശത്ത് നമ്മളെ നോക്കി കറങ്ങുന്ന ചന്ദ്രനില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. ഒരു കക്കൂസ് ഡിസൈന്‍ തയ്യാറാക്കി നല്കിയാല് 35000 ഡോളര്‍, ഏകദേശം 26 ലക്ഷം രൂപ സമ്മാനം നല്‍കാമെന്നാണ് യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ പ്രഖ്യാപനം.
ആര്‍ട്ടെമിസ് യാത്രികള്ക്കൊരു കക്കൂസ്!
21-ാം നൂറ്റാണ്ടിലെ ഏറ്റവും നൂതനമായ ബഹിരാകാശ സൗകര്യങ്ങളുമായാണ് ആര്‍ട്ടെമിസ് ബഹിരാകാശ യാത്രികര്‍ ചന്ദ്രനിലേക്ക് പോകുക. ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ലൂണാര്‍ ലൂ ചലഞ്ചിലൂടെ നവീനമായ സ്പേസ് ടോയ്ലറ്റ് കണ്‍സപ്റ്റുകള്‍ കണ്ടെത്താന്‍ ആഗോള സമൂഹത്തിന്റെ സഹായം തേടുകയാണ്, നാസ കുറിച്ചു.
ചന്ദ്രനില്‍ ഉപയോഗിക്കുന്ന ലൂണാര്‍ ലാന്‍ഡറില്‍ ചെറുതും, ഭാരം കുറഞ്ഞതും, സിംപിളുമായ ടോയ്ലറ്റാണ് ഉപയോഗിക്കാന്‍ കഴിയുക. ലാന്‍ഡറിലെ ഓരോ കിലോയും വഹിക്കാന്‍ 10 കിലോ പ്രൊപ്പല്ലന്റ് ആവശ്യമായി വരുമെന്നതാണ് ഇതിന് കാരണം.
നിലവിലെ ടോയ്ലറ്റ് സംവിധാനത്തിന്റെ ഭാരം 54 കിലോയാണ്. ഇത് 31 കിലോയാക്കി കുറയ്ക്കുന്നതാകണം ഡിസൈനെന്ന് നാസ കണക്കുകൂട്ടുന്നു. ചാന്ദ്ര ഗുരുത്വാകര്‍ഷണത്തില്‍, ഭാരക്കുറവില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ സാധിക്കണമെന്നതാണ് അടിസ്ഥാന ആവശ്യം.
ടെക്നിക്കല്‍ സമ്മാനം 18 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്കും, ടീമിനും ലഭിക്കും. ജൂനിയര്‍ ചലഞ്ച് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലാണ്. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തിലാണ് രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കുക.
മൂന്ന് ടോപ്പ് ഡിസൈനുകളില്‍ ഇടംപിടിച്ചാല്‍ 35000 ഡോളര്‍, ഏകദേശം 26 ലക്ഷം രൂപ പോക്കറ്റില്‍ വീഴും. 2020 ആഗസ്റ്റ് 17 ആണ് അവസാന തീയതി.