ലോകചരിത്രത്തില്‍ ആദ്യമായി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അന്തര്‍വാഹിനിയില്‍ കടത്തിയ കൊക്കെയിന്‍ പിടിച്ചെടുത്തു. സ്പാനിഷ് അധികൃതരാണ് നാര്‍കോടിക്സ് നിറച്ച അന്തര്‍വാഹിനി പിടികൂടിയത്. 65 അടിയുള്ള അന്തര്‍വാഹിനിയില്‍ ഏകദേശം മൂന്ന് ടണ്‍ കൊക്കെയിനാണ് ഉണ്ടായിരുന്നത്. ഇതിന്റെ വില ഏകദേശം 121 മില്ല്യണ്‍ ഡോളര്‍, അതായത് 864 കോടി രൂപയോളം വരും.
അന്തര്‍വാഹിനി സമുദ്രയാത്രയില്‍ ഇടയ്ക്കൊന്ന് തലപൊക്കിയപ്പോഴാണ് സ്പാനിഷ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. മൂന്ന് ജീവനക്കാരില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. കൊളംബിയയില്‍ നിന്നും യൂറോപ്പിലേക്കുള്ള യാത്രക്കിടെയാണ് അന്തര്‍വാഹിനി ട്രാക്ക് ചെയ്യപ്പെട്ടത്. ഇത്രയും വലിയ കൊക്കെയിന്‍ ശേഖരം അന്താരാഷ്ട്ര അതിര്‍ത്തി കടത്താന്‍ നടത്തിയ സൗത്ത് അമേരിക്കന്‍ മയക്കുമരുന്ന മാഫിയകളുടെ ശ്രമം കണ്ട് അധികൃതര്‍ ഞെട്ടലിലാണ്.
2.7 മില്ല്യണ്‍ ഡോളര്‍ വിലയുള്ള അന്തര്‍വാഹിനിയിലാണ് കൊക്കെയിന്‍ കടത്തിയത്. അതുകൊണ്ട് തന്നെ ഇതിന് പിന്നിലുള്ളവരും വമ്പന്മാരാകുമെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. മയക്കുമരുന്ന് കടത്തിയ ഒരു അന്തര്‍വാഹിനി ഉപയോഗിക്കുന്നതും പിടിക്കപ്പെടുന്നതും രാജ്യത്ത് ആദ്യമാണെന്ന് സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി. പോര്‍ച്ചുഗല്‍ തീരത്ത് നിര്‍ത്തിയതോടെയാണ് അന്തര്‍വാഹിനിയുടെ യാത്ര അന്താരാഷ്ട്ര പോലീസ് ട്രാക്ക് ചെയ്യുന്നത്.