കേരളത്തിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സ്പോട്ടുകളില്‍ ഒന്നാണ് മൂന്നാര്‍. തിരക്കേറിയ ലൈഫില്‍ നിന്നും ഒരു ഇടവേള എടുക്കാന്‍ ആദ്യം യാത്ര ചെയ്യുന്നത് മൂന്നാറിലേക്ക് തന്നെ. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്കും മൂന്നാര്‍ ഏറെ പ്രിയപ്പെട്ടത് തന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ പൂജ്യത്തിന് താഴേക്ക് താപനില താഴ്ന്നതോടെ സഞ്ചാരികളുടെ ഒഴുക്കും വര്‍ദ്ധിച്ചിരുന്നു.
പ്രളയം വരുത്തിവെച്ച ദുരിതങ്ങള്‍ മൂലം പാടെ തകര്‍ന്നിരുന്ന മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഈ മഞ്ഞും, തണുപ്പും ആശ്വാസമാകുകയാണ്. അപ്രതീക്ഷിതമായി മഞ്ഞ് എത്തിയതോടെ ആളുകള്‍ നേരെ ഹില്‍ സ്റ്റേഷനിലേക്ക് വെച്ചുപിടിക്കുകയാണ്. റിസോര്‍ട്ടുകള്‍ക്കും, ഹോട്ടലുകള്‍ക്കും അപ്രതീക്ഷിതമായി കിട്ടിയ ചാകരയുടെ സന്തോഷവും.
എന്നാല്‍ പ്രദേശത്തെ തേയിലച്ചെടികള്‍ക്ക് അപ്രതീക്ഷിത തണുപ്പ് ദോഷം വരുത്തുമെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ താപനില മൈനസിലേക്ക് താഴുന്നത് ശുഭസൂചകമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എത്രത്തോളം ഭീകരമാണെന്നതിന്റെ സൂചനയാണിത്. വ്യക്തമായ പഠനം ഈ വിഷയത്തില്‍ നടത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ മഞ്ഞ് ചൂണ്ടിക്കാണിക്കുന്നത്.