ആല്‍ഫബെറ്റ് (ഗൂഗിളിന്റെ പുതിയ പേര്) സഹസ്ഥാപകന്‍ ലാറി പേജിനെ മറികടന്ന് ലോകത്തിലെ ആറാമത്തെ ധനികനായി കസേരയിട്ട് ഇരുന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി.
ബ്ലൂംബെര്‍ഗ് ബില്ല്യണേഴ്സ് ഇന്‍ഡക്സാണ് മുകേഷ് അംബാനിയുടെ റാങ്ക് മുന്നേറ്റം വ്യക്തമാക്കിയത്. അംബാനിയുടെ ആകെ ആസ്തി 72.4 ബില്ല്യണ്‍ ഡോളറില്‍ (5.44 ലക്ഷം കോടി രൂപ) എത്തിയെന്നാണ് കണക്കാക്കുന്നത്. ആല്‍ഫബെറ്റ് സഹസ്ഥാപകന്‍ പേജിന്റെ ആസ്തി നിലവില്‍ 71.6 ബില്ല്യണ്‍ ഡോളറാണ്. ഇന്ത്യയിലും, ഏഷ്യയിലും ഒന്നാം നമ്പറില്‍ നില്ക്കുന്ന മുകേഷ് അംബാനി വലോകത്തിലെ അഞ്ച് ശതകോടീശ്വരന്മാരുടെ പട്ടികയോടാണ് അടുക്കുന്നത്.
അമേരിക്കന്‍ ബിസിനസ്സുകാരന് സ്റ്റീവ് ബാള്മറാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്, 74.6 ബില്ല്യണ്‍. റിലയന്‍സിന്റെ പ്രകടനമാണ് അംബാനിക്ക് തുണയായത്. റിലയന്‍സ് ഷെയറുകളും കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം നേടി. റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്കും, കെകെആര്‍, ഇന്റല്‍ ഉള്‍പ്പെടെയുള്ള ആഗോള നിക്ഷേപകര്‍ പണമിറക്കുന്നതാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. വരുമാനത്തില്‍ ലോകപ്രശസ്ത നിക്ഷേപകന് വാറണ് ബഫറ്റിനെ അടുത്തിടെയാണ് അംബാനി മറികടന്നത്.
ലോകത്തിലെ ധനികരുടെ ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരനും മുകേഷ് അംബാനിയാണ്.