ആ പരിപ്പ് അങ്ങ് മാറ്റിവെച്ചേക്ക്; ധോണി വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല!

MSD will be back soon

0
162

എംഎസ് ധോണി എപ്പോഴാണ് വിരമിക്കുന്നത്? ഈ ചോദ്യം അഭ്യൂഹങ്ങളായി പറക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിരമിക്കല്‍ ചോദ്യങ്ങളെക്കുറിച്ച് കൃത്യമായി പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൂള്‍ ക്യാപ്റ്റനെ കുത്തി പലഭാഗങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശക്തമാണ്.

ഇതിനിടെയാണ് ഇപ്പോള്‍ എംഎസ് ധോണിയുടെ മാനേജര്‍ വമ്പന്‍ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ധോണി വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് മാനേജര്‍ മിഹിര്‍ ദിവാകര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായ മത്സരത്തിന് ശേഷം മുന്‍ ക്യാപ്റ്റന്‍ ഒരിക്കല്‍ പോലും കളത്തില്‍ ഇറങ്ങിയിട്ടില്ല.

പ്രായവും, ഫോമും

കഴിഞ്ഞ ചൊവ്വാഴ്ച എംഎസ് ധോണി 39-ാം വയസ്സിലേക്ക് കടന്നിരുന്നു. പ്രായത്തിന്റെ പേരിലുള്ള ചോദ്യങ്ങള്‍ക്കൊപ്പം താരത്തിന്റെ ഫോം സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ശക്തമാണ്. ഐപിഎല്‍ സീസണില്‍ തിരിച്ചെത്തി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയും കൊറോണാവൈറസ് മൂലം അനിശ്ചിതാവസ്ഥയിലാണ്.

എന്നാല്‍ ഇതുകൊണ്ടൊന്നും ധോണി യുഗം അവസാനിച്ചിട്ടില്ലെന്നാണ് ദിവാകര്‍ കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനായി തിരികെ എത്തിയ ധോണിയുടെ ട്രെയിനിംഗ് ക്യാംപ് കൊവിഡ് മഹാമാരി മൂലമാണ് തടസ്സപ്പെട്ടത്. ‘അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നതായി തോന്നുന്നില്ല. ഐപിഎല്‍ കളിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ്. ഇതിനായി ഏറെ അധ്വാനിച്ചു. ചെന്നൈയില്‍ ഒരു മാസം മുന്‍പ് തന്നെ എത്തിയിരുന്നു’, ദിവാകര്‍ പിടിഐയോട് പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്തും ഫിറ്റ്‌നസ് നിലനിര്‍ത്താനും, പ്രാക്ടീസ് മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളില്‍ നിന്ന് ധോണി ഇടവേള എടുത്തിട്ടില്ല. ഐപിഎല്‍ എങ്ങിനെയെങ്കിലും നടത്താന്‍ ബിസിസിഐ പരിശ്രമിക്കുമ്പോള്‍ ധോണി കളത്തില്‍ അങ്കം തുടരുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.