മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റ് ആരാധകരുടെ ക്യാപ്റ്റന്‍ കൂളാണ്. ധോണി എപ്പോഴാണ് റിട്ടയര്‍ ചെയ്യുന്നതെന്ന് കാത്തിരിക്കുന്ന ഘട്ടത്തിലും സൈനിക സേവനവും, മറ്റ് പരിപാടികളുമായി കറക്കത്തിലാണ് താരം. അതുകൊണ്ട് തന്നെ ധോണിയെക്കുറിച്ച് ഓണ്‍ലൈന്‍ തെരച്ചിലും സാധാരണ കാര്യം. പക്ഷെ എംഎസ് ധോണിയെന്ന പേര് ഓണ്‍ലൈനില്‍ തിരയുന്നത് ഏറ്റവും അപകടം പിടിച്ച കാര്യമാണെന്നാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഓണ്‍ലൈന്‍ തെരച്ചിലില്‍ സെലിബ്രിറ്റികളില്‍ ഏറ്റവും അപകടകാരിയാണ് എംഎസ് ധോണിയെന്ന് മക്അഫെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ പേര് തിരഞ്ഞാല്‍ ലഭിക്കുന്ന ഫലങ്ങള്‍ പലപ്പോഴും അപകടം പിടിച്ച സൈറ്റുകളിലേക്കും, മാല്വെയറുകളിലേക്കും ഇന്റര്‍നെറ്റ് ഉപയോക്താക്കളെ നയിക്കുന്നതായി കമ്പനി പറയുന്നു.
ധോണി ഒന്നാം സ്ഥാനത്തെങ്കില്‍ രണ്ടാം സ്ഥാനത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണെന്ന് സൈബര്‍ സുരക്ഷാ കമ്പനി വ്യക്തമാക്കി. ബിഗ് ബോസ് 8 വിജയി ഗൗതം ഗുലാത്തിയാണ് മൂന്നാമത്. ‘ഇന്റര്‍നെറ്റ് എളുപ്പത്തില്‍ ലഭിച്ച് തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള കണ്ടന്റുകളിലേക്ക് ഉപയോക്താക്കള്‍ക്ക് വിവിധ ഡിവൈസുകള്‍ ഉപയോഗിച്ച് എത്താന്‍ കഴിയുന്നുണ്ട്. സബ്സ്ക്രിപ്ഷന് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകള് ഇന്ത്യയില്‍ വളരുകയാണ്. എന്നിരുന്നാലും നെറ്റ് ഉപയോഗിക്കുന്നവര്‍ സൗജന്യ, പൈറ്റേറ്റഡ് കണ്ടന്റിനായി തിരയുന്നുണ്ട്’, മക്അഫെ ചൂണ്ടിക്കാണിച്ചു.
പ്രധാന കായിക മത്സരങ്ങള്‍, സിനിമകള്‍, ടിവി ഷോകള്‍, പ്രിയപ്പെട്ട സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ എന്നിവയ്ക്കായാണ് ഇവര്‍ തിരയുക. ഇത്തരം സൈറ്റുകളില്‍ എത്തുമ്പോള്‍ കാത്തിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ ശ്രദ്ധിക്കാറില്ലെന്നതാണ് ദൗര്‍ഭാഗ്യം, മക്അഫെ ഇന്ത്യ എഞ്ചിനീയറിംഗ്, മാനേജിംഗ് ഡയറക്ടര്‍ വെങ്കട് കൃഷ്ണപൂര് പറഞ്ഞു.
സണ്ണി ലിയോണ്‍, രാധിക ആപ്തെ, ശ്രദ്ധ കപൂര്‍, ഹര്‍മാന്‍പ്രീത് കൗര്‍, പിവി സിന്ധു, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിങ്ങനെയാണ് അപകടം പിടിച്ച തെരച്ചിലില്‍ ആദ്യ പത്ത് പേര്. ഓണ്‍ലൈന്‍ ഉപയോഗം ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ സൈബര്‍ ക്രിമിനലുകളുടെ കൈയില്‍ പെടുമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്.