മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്‍ കൂള്‍ ടി20 ലോകകിരീടവുമായി എത്തിയാണ് ഇന്ത്യന്‍ ആരാധകരുടെ മനസ്സിലേക്ക് ഇടിച്ചുകയറിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളായി എംഎസ് ഇന്ന് വാഴ്ത്തപ്പെടുന്നു. 2007 ടി20 ലോകകപ്പിന്റെ ഫൈനലില്‍ പരിചയസമ്പന്നരായ ബൗളര്‍മാരെ മാറ്റിവെച്ച് 19-ാം ഓവര്‍ അനുഭവസമ്പത്ത് കുറഞ്ഞ ജോഗീന്ദര്‍ ശര്‍മ്മയെ പോലൊരു താരത്തിന് പന്ത് കൈമാറാന്‍ ചങ്കൂറ്റം കാണിച്ച ധോണി ആ ലോകകപ്പിലെ മുന്നൊരുക്കത്തെക്കുറിച്ച് അടുത്തിടെ വിശദമാക്കി.
ലോകകപ്പിനായി ഇന്ത്യ അര്‍പ്പണബോധത്തോടെയുള്ള തയ്യാറെടുപ്പുകളാണ് അന്ന് നടത്തിയത്. പ്രത്യേകിച്ച് ആ ടൂര്‍ണമെന്റിലെ സവിശേഷതയായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ സമനില വന്നാല്‍ ബൗള്‍ഔട്ട് ഉപയോഗിക്കാനുള്ള നിയമം. ലോകക്രിക്കറ്റിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി പാകിസ്ഥാനെതിരെയുള്ള ബൗള്‍ഔട്ട് ഇന്ത്യ വിനിയോഗിച്ചു. മുയല് വീണ് ചത്തത് പോലെ എന്ന് ആരാധകര്‍ പോലും സംശയിച്ച ഇന്ത്യയുടെ ബൗള്‍ഔട്ട് വിജയം പക്ഷെ അതുപോലൊരു ഞാണിന്മേല് കളി ആയിരുന്നില്ലെന്ന് എംഎസ് ധോണി പറയുന്നു.
‘പരിശീലനങ്ങള്‍ ആരംഭിക്കുകയോ, അവസാനിപ്പിക്കുകയോ ചെയ്യുന്നത് ബൗള്ഔട്ടിലായിരുന്നു. ആദ്യമായാണ് അത്തരമൊരു നിയമം വരുന്നത്. സംഗതി ഒരു തമാശ പോലെയാണ് തുടങ്ങിയതെങ്കിലും സ്റ്റംപില്‍ കൂടുതല്‍ തവണ കൃത്യമായി കൊള്ളിക്കുന്ന താരങ്ങളെ ബൗള്‍ഔട്ട് വന്നാല്‍ ഉപയോഗിക്കാന്‍ തീരുമാനമായി. റെഗുലര്‍ ബൗളര്‍മാര്‍ക്ക് പകരം ഫലം കിട്ടുന്നവരെ ഇതിനായി നിയോഗിച്ചു. ഞങ്ങള്‍ ഒരുങ്ങി തന്നെയായിരുന്നു. ഏതാനും ചിലരല്ല, എല്ലാവരും തങ്ങളുടെ ഭാഗം സമ്മാനിച്ചപ്പോഴാണ് 2007-ല്‍ നമ്മള് വിജയിച്ചത്. ഒരു നല്ല റണ്‍ ഔട്ട്, അത്യുഗ്രന്‍ ക്യാച്ച്, അത്തരം നിമിഷങ്ങള്‍ ടീം വര്‍ക്കിന്റെ തെളിവുകളാണ്’, എംഎസ് ധോണി കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ അതിജീവിച്ച ഇന്ത്യക്ക് ഫൈനലില്‍ ഒരുവട്ടം കൂടി ചിരവൈരികളെ നേരിടേണ്ടി വന്നു. ഇന്ത്യയുടെ വിജയത്തിന് മുന്നില്‍ തടയിട്ട് മിസ്ബ ഉള് ഹഖ് നിലയുറപ്പിച്ചപ്പോഴും ക്യാപ്റ്റന്‍ കൂള്‍ തന്റെ ഉറപ്പായ തീരുമാനങ്ങള്‍ നടപ്പാക്കി. അവസാന ഓവറില്‍ ജോഗീന്ദര്‍ ശര്‍മ്മയെ പന്തേല്‍പ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നു. മിസ്ബ ഉള് ഹഖ് പന്ത് അടിച്ചുപറത്തിയപ്പോള്‍ ആ ക്യാച്ച് പിടികൂടാന്‍ എങ്ങുനിന്നോ പാഞ്ഞെത്തിയ എസ് ശ്രീശാന്ത് കൈപ്പിടിയില്‍ ചേര്‍ത്തത് ഇന്ത്യയുടെ ലോകകിരീടം കൂടിയായിരുന്നു.