മണി ഹീസ്റ്റ്, ഹാ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ, എല്ലാവര്ക്കും അറിയാം ലാ കാസാ ഡി പാപെല്‍ എന്ന സ്പാനിഷ് സീരീസ് മണി ഹീസ്റ്റായി ലോകം കീഴടക്കിയ കഥ. ഇപ്പോള്‍ മണി ഹീസ്റ്റുമായി ബന്ധപ്പെട്ട ഒരു സുപ്രധാന സ്ഥിരീകരണമാണ് നെറ്റ്ഫ്ളിക്സ് നടത്തിയിരിക്കുന്നത്. സ്പാനിഷ് ക്രൈം ഡ്രാമയുടെ അഞ്ചാം എഡിഷന് ഒടുവിലത്തെ സീസണ് ആകുമെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ സീസണില്‍ പ്രൊഫസറായ അല്‍വാരോ മൊര്ട്ടെയും, ടോക്യോയായി എത്തിയ ഉര്‍സുല കൊര്ബെറോയും, റാഖ്വേലായ ഇതിസാര്‍ ഇതൂനോയും, ബെര്‍ലിനായി എത്തിയ പെട്രോ അലോന്സോയുമെല്ലാം ആരാധകരെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തിയാണ് പോയിരിക്കുന്നത്. 2020 ഏപ്രില്‍ 3ന് പുറത്തിറങ്ങിയ നാലാം സീസണില്‍ നെയ്റോബിയുടെ (ആല്‍ബാ ഫ്ളോറസ്) മരണമാണ് ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്.
ലിസ്ബണ്‍ മരിക്കുമോ?

ബാങ്ക് ഓഫ് സ്പെയിനിലെ രണ്ടാം കവര്ച്ചയിലുള്ള സംഘത്തോടൊപ്പം ചേര്‍ന്ന റാഖ്വേലിനെ നമ്മള് കണ്ടിരുന്നു. എന്നാല്‍ പ്രൊഫസറെ വീണ്ടും ഒറ്റയ്ക്കാക്കി ലിസ്ബണ്‍ മരിക്കുമോ എന്ന ആശങ്ക ആരാധകരില്‍ ശക്തമാണ്. ചെല്‍സി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ആല്‍വാരോ മൊര്ട്ടെയാണ് ഇത്തരമൊരു സൂചന നല്‍കിയത്.
പ്രത്യേക തരം സ്വഭാവമുള്ള പ്രൊഫസര്‍ തന്റെ ഏകാന്തതയിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്നാണ് മൊര്ട്ടെ നല്കിയ സൂചന. ഇതോടെ റാഖ്വേല്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു.
അലീസിയയും, പ്രൊഫസറും തമ്മിലുള്ള പോരാട്ടം

പ്രൊഫസറുടെ ഒളിസങ്കേതത്തില്‍ എത്തുന്ന അലിസിയ സിയറ അദ്ദേഹത്തെ തോക്കുചൂണ്ടി നില്‍ക്കുന്നതിലാണ് നാലാം സീസണ് തീര്‍ന്നത്. ഇതിന്റെ ബാക്കി ഭാഗം പുതിയ സീസണില്‍ ആകാംക്ഷ ഉളവാക്കും. സ്പാനിഷ് അഭിനേതാവായ മിഗ്വേല്‍ എഞ്ചല്‍ സില്‍വെസ്റ്ററും, പാട്രിക് ക്രിയാഡോയും പുതിയ സീസണില്‍ ഉണ്ടാകുമെന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്.
ആരാധകരെ ഞെട്ടിക്കുന്ന 10 എപ്പിസോഡുകള്‍

ഓരോ കഥാപാത്രങ്ങള്‍ക്കും ഇനിയൊരു മുന്നോട്ട് പോക്ക് സാധ്യമല്ലാത്ത നിലയില്‍ എങ്ങിനെ അവസാനിപ്പിക്കാമെന്ന ചിന്തയിലാണ് ഫൈനല്‍ സീസണ് ഒരുക്കുന്നതെന്ന് ഷോറണ്ണര്‍ അലക്സ് പിന പറയുന്നു. ഏറ്റവും ശക്തമായ, ദുര്‍ഘടമായ അവസ്ഥയിലാണ് സീസണ് എത്തുക. പക്ഷെ ഇത് രസകരവുമാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ മൂലം ചിത്രീകരണം വൈകിയ മണി ഹീസ്റ്റ് 5 ആഗസ്റ്റ് 3ന് ചിത്രീകരണം പുനരാരംഭിച്ചിരുന്നു. ഫൈനല്‍ സീസണില്‍ എന്തൊക്കെ ആണ് സംഭവിക്കുക, ഉത്തരത്തിനായി കാത്തിരിക്കാം.