മക്കള്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അത് അഭിമാന നിമിഷം തന്നെയാണ്. സൂപ്പര്‍താരം മോഹന്‍ലാലിനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. മകള്‍ വിസ്മയ എഴുതിയ കവിതാ പുസ്തകം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ആ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം പുറത്തിറങ്ങുന്ന വാര്‍ത്ത അറിയുമ്പോഴാണ് മലയാളികളില്‍ ഭൂരിഭാഗം പേരും താരപുത്രി എഴുത്തുകാരിയാണെന്ന് അറിയുന്നത്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നാണ് പുസ്തകത്തിന്റെ പേര്.
‘ഇതൊരു പിതാവെന്ന നിലയില്‍ അഭിമാനനിമിഷം, മകളുടെ പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14ന് പുറത്തിറങ്ങും. കവിതയും, കലയും ചേര്‍ന്ന പുസ്തകം പെന്ഗ്വിന് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. ഈ സംരംഭത്തില്‍ എല്ലാ ആശംസകളും’, മോഹന്‍ലാല്‍ കുറിച്ചു.
ഒരു കവിതാ പുസ്തകം എഴുതാനുള്ള ഉദ്ദേശത്തില്‍ തയ്യാറെടുത്ത് എഴുതിയതല്ല ഈ പുസ്തകമെന്ന് വിസ്മയ പിടിഐ അഭിമുഖത്തില്‍ പ്രതികരിച്ചു. പല സമയങ്ങളിലായി ഫോണില്‍ കുറിച്ച വരികളാണ് കുറിച്ചിട്ടുള്ളതെന്നാണ് വിസ്മയയുടെ വാക്കുകള്‍.