മുണ്ട് മടക്കിക്കുത്തി, കളരി പോസില്‍, നെയ്യാറ്റിന്‍കര ഗോപന്. പിന്നില്‍ കറുത്ത വിന്റേജ് ബെന്‍സ്. കറുത്ത ഷര്‍ട്ടും, പുത്തന്‍ ലുക്കില്‍ കരയുള്ള മുണ്ടുമുടുത്ത് ആ നില്‍പ്പ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇത്രയൊക്കെ ധാരാളമായിരുന്നു.
മോഹന്‍ലാലിന്റെ പുതിയ ചിത്രം ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ കാര്യമാണ് മേല്‍പ്പറഞ്ഞത്. ഒരു ആക്ഷന്‍ രംഗത്തിലെ സ്റ്റില്ലാണ് പോസ്റ്ററില്‍ അണിയറക്കാര്‍ പ്രയോഗിച്ചത്.

രാജാവിന്റെ മകനിലെ അതിപ്രശസ്തമായ ഡയലോഗ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നതില്‍ നിന്ന് കടംകൊണ്ട് കാറിന്റെ നമ്പറും 2255 തന്നെ. മുന്‍പ് ആറാം തമ്പുരാനിലാണ് കളരി മുറകള്‍ കാണിച്ച് തീപ്പൊരി ഡയലോഗ് പറഞ്ഞ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ചത്.
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലാണ് ആറാട്ട് ഒരുങ്ങുന്നത്. എന്തായാലും ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കറുത്ത കരയുള്ള മുണ്ട് എവിടെ കിട്ടുമെന്ന് ആരാധകര്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.