പരിചയമുള്ളവരുടെയും, യാതൊരു പരിചയം ഇല്ലാത്തവരെയും കുറിച്ച് അഭിപ്രായം പാസാക്കാന്‍ നമുക്ക് യാതൊരു മടിയുമില്ല. ‘അവര്‍ അങ്ങിനെയാണ്’ എന്ന് വിധി പുറപ്പെടുവിച്ച് കളയും ചിലര്‍, ഒപ്പം ഇത് ശരിയാണെന്ന് മറ്റുള്ളവരെ തോന്നിക്കാനായി നല്ല രീതിയില്‍ പ്രചരണവും നടത്തും. എന്നാല്‍ മറ്റൊരാളെക്കുറിച്ച് വിധി പറയാന്‍ നമ്മള് ആരാണെന്ന് ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്.
ഇനിയും മനസ്സിലാകാത്തവര്‍ക്ക് കെന്നഡി ഗാര്‍സിയയുടെ കഥ കേള്‍ക്കാം. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ഗാര്‍സിയയെ കുറിച്ച് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നുവെന്ന് മാത്രമല്ല സ്വന്തമായി ഒരു കാമുകനും, വിജയകരമായ മോഡലിംഗ് കരിയറും ഇവര്‍ക്കുണ്ട്!

അമേരിക്കയിലെ കൊളറാഡോയില്‍ പിറന്ന കെന്നഡി ഗാര്‍സിയയ്ക്ക് 15 വയസ്സായപ്പോഴാണ് ഡോക്ടര്‍മാര്‍ ആ പ്രവചനം നടത്തിയത്. മുതിര്‍ന്നാല്‍ ഡയപ്പര്‍ ധരിച്ചാകും അവളുടെ നടപ്പെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇതിലും മികച്ച രീതിയില്‍ മകള്‍ വളരണമെന്ന മോഹമായിരുന്നു അമ്മ റെന്നിക്ക് ഉണ്ടായിരുന്നത്.
എന്തായാലും ആ പരിശ്രമം വെറുതെയായില്ല. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെയും, ഏജന്‍സികളുടെയും ഭാഗമാണ് ഇന്ന് ഗാര്‍സിയ. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഉപേക്ഷിക്കാനാണ് ഡോക്ടര്‍മാര്‍ തന്നോട് ഉപദേശിച്ചതെന്ന് അമ്മ റെന്നി പറയുന്നു. ഹൃദയം തകര്‍ന്നെങ്കിലും പ്രതീക്ഷ കൈവിടാതെ അമ്മ മകളുടെ കൈപിടിച്ച് മുന്നോട്ട് നീങ്ങി.
ഇതിനിടെ പല പ്രതിസന്ധികളും തേടിയെത്തി. ലൂക്കെമിയ ബാധിച്ച ഗാര്‍സിയയുടെ നട്ടെല്ലിന്റെ അവസ്ഥ ശരിയാക്കാന്‍ അപകടകരമായ സര്‍ജറി പോലും വേണ്ടിവന്നു. ഇതില്‍ നിന്നും തിരിച്ചുവന്ന ഗാര്‍സിയ ഡാന്‍സ് ക്ലാസുകളില്‍ പോയ ശേഷമാണ് ടാലന്റ് മാനേജ്മെന്റ് കമ്പനി വഴി മോഡലിംഗിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞത്.