താടി ഇല്ലെങ്കില്‍ എന്തോ ഒരു കുറവാണ്. ലേറ്റസ്റ്റ് ട്രെന്‍ഡി സ്റ്റൈലുകള്‍ക്ക് താടി നിര്‍ബന്ധമായതോടെ ആവശ്യത്തിന് താടിയില്ലെങ്കില്‍ ഉപ്പിലാത്ത കഞ്ഞി പോലെയാണ് അവസ്ഥയെന്ന് പിള്ളേര് പറയും. താടിയും, മീശയും ഇല്ലാത്തതിന്റെ പേരില്‍ കൂട്ടുകൂടാന്‍ പോലും മടിക്കുന്ന അവസ്ഥയിലേക്ക് കൗമാരക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
കരടിനെയ്യ് തേച്ചാല്‍ വളരുമെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ, കരടി നെയ്യ് എവിടെ കിട്ടുമെന്ന് ആര്‍ക്കും പിടിയില്ല. ഇനി ഇത് വാങ്ങി ഉപയോഗിച്ചവര്‍ ഈ ഭൂമുഖത്തുണ്ടോയെന്ന് ചോദിച്ചാല്‍ സംശയം തന്നെ. ഇടയ്ക്കിടെ ഷേവ് ചെയ്താല്‍ സംഗതി കിളിര്‍ക്കുമെന്ന് കേട്ട് ബ്ലേഡ് വാങ്ങി രഹസ്യമായി വടിച്ച് മുഖത്തെ തൊലിപോയത് മിച്ചമെന്ന് മറ്റുചിലരും പറയുന്നു.
എന്തായാലും കാര്യങ്ങള്‍ ഇങ്ങനെ എന്ത് കിട്ടിയാലും പരീക്ഷിക്കാമെന്ന അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് താടിയും, മീശയും വളരാന്‍ മിനോക്സിഡില്‍ എന്നൊരു മാജിക് മരുന്നുണ്ടെന്ന് കേള്‍ക്കുന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി പലരും വാങ്ങി ഉപയോഗിച്ച് താടി വളര്‍ത്തി വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ പറയുന്നത് കേട്ട് ഈ വഴിയേ പോകണോ?
എന്താണ് മിനോക്സിഡില്‍?
സംഗതി ഒരു മരുന്നാണ്. കഷണ്ടിയ്ക്കുള്ള മരുന്നായി ഉപയോഗിച്ച് തുടങ്ങിയ മിനോക്സിഡില്‍ 5% സൊലൂഷനാണ് മുഖത്ത് തേച്ചുപിടിപ്പിച്ചതോടെ ചിലരില്‍ നല്ല രീതിയില്‍ ഫലം നല്‍കിയത്. രോമങ്ങളുടെ ഫോളിക്കിളുകളിലേക്കുള്ള രക്തമൊഴുക്ക് വര്‍ദ്ധിപ്പിച്ചാണ് ഈ മരുന്ന് പണിചെയ്യുന്നത്. ഫോളിക്കിളുകളുടെ വേരിലേക്ക് രക്തം എത്തിച്ച് കൂടുതല്‍ കോശങ്ങള്‍ നിര്‍മ്മിച്ചും രോമങ്ങള്‍ വളരാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഫോളിക്കിളുകള്‍ വലുതാക്കി രോമത്തിന്റെ ശക്തിയും നീളവും കൂട്ടാനും സഹായിക്കും.
അബദ്ധത്തിലാണ് മിനോക്സിഡിലിന്റെ കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് പരീക്ഷിച്ച് വരവെയാണ് ഇതിന് ഒരു പാര്‍ശ്വഫലം ഉണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. അതാണ് മുടി വളര്‍ത്തല്‍. ഇതോടെ പുരുഷന്മാരുടെ കഷണ്ടിക്ക് മരുന്നായി സംഗതി വിപണിയിലെത്തി. തലമുടി വളരാന്‍ ഉള്ളതാണെങ്കിലും താടിമീശയ്ക്കുള്ള വളമായി ഇത് യുവാക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
മിനോക്സിഡിലിന് പാര്‍ശ്വഫലങ്ങളുണ്ട്
ചിലര്‍ക്ക് ചൊറിച്ചില്‍, ചര്‍മ്മം ചുവക്കല്‍, ചര്‍മ്മം വരളല്‍, തലചുറ്റല്‍, മയക്കം, ഹൃദയമിടിപ്പ് വര്‍ദ്ധിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഇവയുടെ ഉപയോഗം നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. രക്തസമ്മര്‍ദം ഉയര്‍ന്നവരില്‍ ഉപയോഗിക്കാന്‍ വികസിപ്പിച്ചത് ആയത് കൊണ്ട് തന്നെ രക്തസമ്മര്‍ദം താഴുന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. മിനോക്സിഡില്‍ 5% സൊലൂഷന് മുകളില്‍ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധരും പറയുന്നു.