സിനിമാക്കാരാണ് ആദ്യ രാത്രിയിലെ പാല് പങ്കിട്ട് കുടിക്കുന്ന പരിപാടി ഇത്ര ആഘോഷമായി അവതരിപ്പിച്ചിട്ടുള്ളത്. അതിന് അപ്പുറം ഇത്തരമൊരു ചടങ്ങ് യാഥാര്‍ത്ഥ്യ മനോഭാവത്തില്‍ എത്ര മണിയറകളില്‍ അരങ്ങേറിയെന്ന് സ്വന്തം അനുഭവത്തോട് ചോദിക്കണം. ആദ്യ രാത്രിയില്‍ ഈ പരിപാടി ഉണ്ടായാലും ഇല്ലെങ്കിലും ദിവസേന ഒരു ഗ്ലാസ് പാല് രാത്രി കിടക്കുന്നതിന് മുന്‍പ് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
പാല് ഒരു സമ്പൂര്‍ണ്ണ ഭക്ഷണം
പ്രോട്ടീന്‍, വൈറ്റമിന്‍ എ, ബി1, ബി12, ഡി, ഫോസ്ഫറസ്, പൊട്ടാഷ്യം, മഗ്നീഷ്യം, റൈബോഫ്ളാവിന് എന്നീ പോഷണങ്ങള്‍ പാലില്‍ അടങ്ങിയിരിക്കുന്നു. പാല് കുടിക്കുന്നത് വഴി ഹൃദ്രോഗം വന്നുമരിക്കുന്ന സാധ്യത കുറയ്ക്കാമെന്ന് റീഡിംഗ് യൂണിവേഴ്സിറ്റി പഠനം പറയുന്നു, സ്ട്രോക്ക് സാധ്യത 15-20 ശതമാനം കുറയ്ക്കാനും സാധിക്കും. വളര്‍ച്ചയ്ക്കും, എല്ലിന്റെ ആരോഗ്യത്തിനും ഗുണകരമാകുന്ന പാല് ദിവസേന കുടിച്ചാല്‍ രോഗങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന ഫലമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്.
രാത്രിയില്‍ പാല് കുടിച്ചാല്‍
പാലിന്റെ ഗുണം പൂര്‍ണ്ണമായി ലഭിക്കാന്‍ ഇത് രാത്രിയില്‍ സേവിക്കാന്‍ ആയുര്‍വ്വേദം ഉപദേശിക്കുന്നു. ഒരുപൊടി മഞ്ഞള്‍ കൂടി ചേര്‍ത്ത് ഇതിന്റെ ഗുണം കൂട്ടാം. ഇനി ഉറക്കം നന്നാകാന്‍ അശ്വഗന്ധം ചേര്‍ത്തും ഉപയോഗിക്കാം, ഓര്‍മ്മ കൂടാനും ഇത് പ്രയോജനപ്പെടുത്താം. ഒരു ഗ്ലാസ് പാലില്‍ തൃഫല ചേര്‍ത്ത് കുടിക്കുന്നത് കാഴ്ച പ്രശ്നങ്ങള്‍ പരിഹരിക്കും.
രാവിലെ പാല് ഉപയോഗിക്കുന്നത് ദഹനപരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകമെന്നും വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ രാത്രിയില്‍ കുടിക്കുന്നതാണ് ഏറെ ഗുണകരം.