വാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഏതെന്ന് ചോദിച്ചാല്‍ എഞ്ചിനെന്ന് പറയാമെങ്കിലും റോഡിലൂടെ കുതിച്ച് പായാന്‍ റബ്ബര്‍ കൊണ്ട് സൃഷ്ടിക്കുന്ന നാല് ടയറുകള്‍ കൂടിയേ തീരൂ. എന്നാല്‍ ടയറുകള്‍ പഞ്ചറാകുന്നത് വലിയൊരു പ്രശ്നം തന്നെയാണ്. കാറ്റടിച്ച് ഓടുന്ന ടയറുകള്‍ പഞ്ചറാകാതെ ഏറെ കാലം പോകുകയുമില്ല.
ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തുകയാണ് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്. കാര്‍ വമ്പന്മാരായ ജിഎമ്മിനൊപ്പം ചേര്‍ന്ന് ഇവര്‍ പുതിയ ടയര്‍ ഇറക്കുകയാണ്. ടയറുകളെ വായുരഹിതമാക്കിയാണ് ഇവര്‍ പ്രശ്നപരിഹാരം നടത്തുന്നത്.

അപ്ടിസ് അഥവാ യുണീക്ക് പംക്ചര് പ്രൂഫ് ടയര്‍ സിസ്റ്റം എന്ന സംഗതിയാണ് മിഷേലിന് ഇതിനായി രൂപകല്‍പ്പന ചെയ്യുന്നത്. കട്ടിയോടെ നില്ക്കാന് ഈ ടയറുകള്‍ക്ക് കാറ്റിന്റെ സഹായം ആവശ്യമേയില്ല. പകരം ഫ്ളെക്സിബിള്‍ സ്പോക്കുകളാണ് ടയറിന്റെ ആന്തരിക ഘടനക്ക് പിന്തുണ നല്‍കുന്നത്.

ഷെവിയുടെ ബോള്‍ട്ട് മോഡലുകളിലാണ് അപ്ടിസ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2024-ല്‍ ഇത്തരം ടയറുകള്‍ വിപണിയില്‍ എത്തിക്കാമെന്നാണ് കമ്പനികളുടെ പ്രതീക്ഷ!